തിരുവനന്തപുരം: കേരളത്തില്‍ പല സ്ഥലങ്ങളിലും തിങ്കളാഴ്ചയും മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിലും തെക്കേ ഇന്ത്യക്ക് മുകളിലും കിഴക്കൻ കാറ്റ് ശക്തമായേക്കും. ഈ സാഹചര്യത്തിൽ ഈ ദിവസങ്ങളില്‍ വടക്കൻ കേരളത്തിൽ ഉൾപ്പെടെ കൂടുതൽ സ്ഥലങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യതയുണ്ട്. തമിഴ്നാട്ടിലും മഴ സജീവമായേക്കും. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. 31 മുതൽ നവംബർ 2 വരെ ഇടിമിന്നലോടു കൂടിയ മഴ പ്രതീക്ഷിക്കാം.