ദീര്‍ഘനേരം ഇരുന്ന് ചെയ്യുന്ന സ്വഭാവമാണ് നിങ്ങളുടെ ജോലിക്കെങ്കില്‍ പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും അസുഖങ്ങളുമെല്ലാം നിങ്ങളെ അലട്ടാം. അതും വര്‍ഷങ്ങളായി ഇതേ ജോലിയാണ് ചെയ്യുന്നതെങ്കില്‍ തീര്‍ച്ചയായും ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ നിങ്ങളിലെ ആരോഗ്യപ്രശ്നങ്ങള്‍ക്ക് പഴക്കം ചെന്ന് അത് കൈകാര്യം ചെയ്യാനാകാത്ത അവസ്ഥ വരെയെത്താം. എന്തായാലും മണിക്കൂറുകളോളം ഇരുന്ന് ജോലി ചെയ്യുന്നവര്‍ ദിവസവും നിര്‍ബന്ധമായി ചെയ്യേണ്ടൊരു കാര്യത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. മറ്റൊന്നുമല്ല വ്യായാമം. ഇത് കേള്‍ക്കുമ്പോള്‍ നിസാരമാക്കി തള്ളിക്കളയല്ലേ. കാരണം ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നവരുടെ ആയുര്‍ദൈര്‍ഘ്യം കുറവായിരിക്കുമെന്നാണ് പല പഠനങ്ങളും ചൂണ്ടിക്കാട്ടുന്നത്.
ആരോഗ്യപ്രശ്നങ്ങളോ അസുഖങ്ങളോ തന്നെയാകാം ഇവരെ ബാധിക്കുന്നത്. ഇവ തന്നെയാണ് ജീവനെടുക്കുന്ന അവസ്ഥയിലേക്കും മാറിവരുന്നത്. ഇതൊഴിവാക്കാൻ ദിവസവും 20- 25 മിനുറ്റ് വ്യായാമമെങ്കിലും ചെയ്യണമെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. പല ജോലികളും ഇങ്ങനെ 8-9-10 മണിക്കൂറൊക്കെ തുടര്‍ച്ചയായി ഇരുന്ന് ചെയ്യേണ്ടതാണ്. ഇത് മനുഷ്യരെ അല്‍പാല്‍പമായി കൊല്ലുന്നതിന് തന്നെ തുല്യമാണെന്നാണ് വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. ഇതിനൊപ്പം വ്യായാമമില്ലായ്മ കൂടിയാകുമ്പോള്‍ അവസ്ഥ കൂടുതല്‍ സങ്കീര്‍ണമാവുകയാണ്. പോരാത്തതിന് അനാരോഗ്യകരമായ ഭക്ഷണരീതിയും വില്ലനായി വരുന്നു.
പ്രമുഖ പ്രസിദ്ധീകരണമായ ‘ബ്രിട്ടീഷ് ജേണല്‍ ഓഫ് സ്പോര്‍ട്സ് മെഡിസിനി’ല്‍ വന്നൊരു റിപ്പോര്‍ട്ട് പ്രകാരം എത്ര മണിക്കൂര്‍ ദിവസത്തില്‍ ഇരുന്ന് ജോലി ചെയ്താലും വ്യായാമം ചെയ്യുന്നുണ്ട് എങ്കില്‍ അത് ആരോഗ്യത്തിന് മേല്‍ വരുന്ന വെല്ലുവിളികള്‍ വലിയ രീതിയില്‍ കുറയ്ക്കും. ഇരുന്ന് ജോലി ചെയ്യുന്നവരില്‍ വ്യായാമം വരുത്തുന്ന വ്യത്യാസത്തെ മനസിലാക്കി ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനത്തെ അടിസ്ഥാനപ്പെടുത്തിയാണ് റിപ്പോര്‍ട്ട്. എന്തായാലും ദിവസത്തില്‍ പത്ത് മണിക്കൂറൊക്കെ ഇരുന്ന് ജോലി ചെയ്യുന്നവരാണെങ്കില്‍ അവര്‍ വലിയ ‘റിസ്ക്’ തന്നെയാണ് ഏറ്റെടുക്കുന്നതെന്നും റിപ്പോര്‍ട്ട് കൃത്യമായി സൂചിപ്പിക്കുന്നുണ്ട്.