കൊച്ചി: കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിൽ, സർക്കാരിനൊപ്പം പ്രതിപക്ഷം നിലനിൽക്കുമെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിക്കരുതെന്ന് പറഞ്ഞ അദ്ദേഹം നിരീക്ഷണം ശക്തമാക്കണമെന്നും ആവശ്യപ്പെട്ടു. ചില ഭാഗത്തു നിന്ന് ദൗർഭാഗ്യകരമായ പ്രതികരണം ഉണ്ടായി. എന്താണ് നടന്നത് എന്ന് അറിയും മുൻപ് ഒരു നേതാവ് പലസ്തീനുമായി ബന്ധപ്പെടുത്തി എന്നും സതീശൻ വിമർശിച്ചു. കളമശ്ശേരി സംഭവത്തിൽ ഇന്റലിജൻസ് വീഴ്ച ഉണ്ടായെന്നു അഭിപ്രായം ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേ സമയം, കളമശ്ശേരിയിലുണ്ടായ സ്ഫോടനത്തിന് പിന്നിൽ മാർട്ടിൻ മാത്രം ആകില്ലെന്നും ബിജെപി ജനറൽ സെക്രട്ടറി കൃഷ്ണകുമാർ പറഞ്ഞു. ഭീകരവാദ ബന്ധം ആദ്യം ഉന്നയിച്ചത് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആണെന്നും സി കൃഷ്ണകുമാർ വിമർശിച്ചു. അന്വേഷണം എൻഐഎക്ക് വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത സർവ്വകക്ഷി യോഗത്തിൽ എല്ലാ പാർട്ടികളും ഒറ്റക്കെട്ടായാണ് പ്രമേയം പാസ്സാക്കിയത്. സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും അന്തരീക്ഷം ജീവൻ കൊടുത്തും നിലനിർത്തുമെന്നും അതാണ് കേരളത്തിന്റെ പാരമ്പര്യമെന്നുമാണ് പ്രമേയത്തിലുള്ളത്. ഒറ്റപ്പെട്ട സംഭവങ്ങളെ മുൻനിർത്തി കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യം തകർക്കാൻ ശ്രമം നടക്കുകയാണ്. രാജ്യവിരുദ്ധവും സമൂഹവിരുദ്ധവുമായ ദുഷ്ടലാക്ക് തിരിച്ചറിയാനുള്ള ജാഗ്രത ഓരോ മനുഷ്യനും ഉണ്ടാകണമെന്നും പ്രമേയത്തിൽ പറയുന്നു. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾക്കെതിരെ ഒറ്റക്കെട്ടായി നിൽക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. ഇന്ന് രാവിലെ പത്തുമണിയോടെയാണ് സർവ്വകക്ഷിയോഗം ആരംഭിച്ചത്. യോഗത്തിൽ എല്ലാ പാർട്ടികളുടേയും പ്രതിനിധികളേയും ക്ഷണിച്ചിരുന്നു. യോഗത്തിന് ശേഷം പ്രതിപക്ഷ നേതാക്കൾ മാധ്യമങ്ങളെ കണ്ടിരുന്നു. യോഗം അവസാനിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രി കളമശ്ശേരിയിലേക്ക് തിരിച്ചതായാണ് വിവരം.