ആലപ്പുഴ: ഇരവുകാട് വാർഡ് കൊമ്പത്താംപറമ്പ് വീട്ടിൽ നടി പി ജെ ഫിലോമിന (അമ്മിണി -– 94 ) അന്തരിച്ചു. സംസ്‌കാരം തിങ്കൾ പകൽ 11.30ന് കൈതവന ഇമാക്യൂലേറ്റ് പള്ളി സെമിത്തേരിയിൽ. റാംജി റാവു സ്‌പീക്കിങ്, സമൂഹം, വിയറ്റ്നാം കോളനി, വാസന്തിയും ലക്ഷ്‌മിയും പിന്നെ ഞാനും തുടങ്ങി 40-ലേറെ ചിത്രങ്ങളിൽ വേഷമിട്ടു. തെലുങ്ക്, തമിഴ് സിനിമകളിലും അഭിനയിച്ചു. കോട്ടയം നാഷണൽ, ചങ്ങനാശേരി ഗീഥ തുടങ്ങിയ സമിതികളുടെ നാടകങ്ങളിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയത്. ചങ്ങനാശേരി ഗീഥയിലൂടെയാണ് പ്രൊഫണൽ നാടകരംഗത്ത് വന്നത്. 30 വർഷം നാടകരംഗത്തുണ്ടായിരുന്നു. പ്രൊഫഷണലും അമച്വറും ഏകാംഗവും ഉൾപ്പെടെ നൂറലധികം നാടകങ്ങളിൽ വേഷമിട്ടു. പിന്നീട് കോട്ടയം നാഷണലിലും നിരവധി നാടകങ്ങളിൽ അഭിനയിച്ചു. നെടുമുടി വേണു, കാവാലം നാരായണപ്പണിക്കർ, സംവിധായകൻ ഫാസിൽ തുടങ്ങിയവരുടെ നാടകസംഘങ്ങളിലെ പതിവ് മുഖമായതോടെയാണ് റാംജിറാവു സ്‌പീക്കിങ്ങിൽ നായികയായ രേഖയുടെ അമ്മയായി വേഷമിട്ടത്. ഫാസിലിന്റെ സഹായത്തോടെയാണ് റാംജിറാവു സ്‌പീക്കിങ്ങിൽ എത്തിയത്. ഇതിന്റെ തമിഴ് പതിപ്പിലും പി ജെ ഫിലോമിന അഭിനിയിച്ചു. ഭർത്താവ്: പരേതനായ റാഫേൽ. മക്കൾ: ലില്ലിക്കുട്ടി, ആലപ്പി ഷാജി (പ്രോഗ്രാം അറൈഞ്ചർ). മരുമക്കൾ: ജോർജ് വലിയതൈയിൽ, റീന.