ന്യൂഡൽഹി: പ്രതിപക്ഷ സഖ്യത്തിന് ഇൻഡ്യ എന്ന് പേരിട്ടതിൽ ഇടപെടാനാകില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ. ഇതുസംബന്ധിച്ച ഹരജിയിൽ ഡല്‍ഹി ഹൈക്കോടതിൽ ഫയൽ ചെയ്ത പൊതുതാൽപര്യ ഹരജിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
രാഷ്ട്രീയ സഖ്യങ്ങൾ നിയന്ത്രിക്കാൻ അധികാരമില്ലെന്നാണ് കമീഷൻ കോടതിയെ അറിയിച്ചത്. 26 പ്രതിപക്ഷ കക്ഷികള്‍ ചേര്‍ന്ന് ‘ഇന്ത്യന്‍ നാഷണല്‍ ഡവലപ്‌മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ്’ രൂപീകരിച്ചതും ഇൻഡ്യയെന്ന ചുരുക്കപ്പേര് നല്‍കിയതും ചോദ്യം ചെയ്‌ത് ബിസിനസുകാരനായ ഗിരീഷ് ഭരദ്വാജ് നല്‍കിയ പൊതുതാൽപര്യ ഹരജിയിലാണ് കമ്മീഷന്‍ സത്യവാങ്മൂലം ഫയല്‍ ചെയ്‌തത്. 1951ലെ ജനപ്രാതിനിധ്യ നിയമം (ആർ.പി ആക്‌ട്) പ്രകാരം ഒരു രാഷ്ട്രീയ പാർട്ടി റജിസ്റ്റർ ചെയ്യാൻ മാത്രമേ കമീഷന് അധികാരമുള്ളൂവെന്നും തെരഞ്ഞെടുപ്പ് കമീഷൻ ചൂണ്ടിക്കാട്ടി.
ആഗസ്റ്റിൽ ഗിരീഷ് ഭരദ്വാജിന്റെ ഹരജി പരിഗണിച്ച ഹൈക്കോടതി 26 പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾക്ക് നോട്ടീസ് നൽകിയിരുന്നു. കേസിൽ കേന്ദ്ര സർക്കാരിന്റെയും തിരഞ്ഞെടുപ്പ് കമീഷന്റെയും പ്രതികരണവും കോടതി തേടി. കേസ് ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കും. വിവിധ രാഷ്ട്രീയ പാർട്ടികൾ അവരുടെ രാഷ്ട്രീയ സഖ്യത്തിന് ഇൻഡ്യ എന്ന ചുരുക്കപ്പേരിൽ ഉപയോഗിക്കുന്നത് തടയാൻ തെരഞ്ഞെടുപ്പ് കമീഷൻ നടപടി സ്വീകരിച്ചിട്ടില്ലെന്നും അതിനാലാണ് ഹരജി നൽകിയതെന്നും ഭരദ്വാജ് ചൂണ്ടിക്കാട്ടിയിരുന്നു.