തൃശൂര്‍> തൃശൂരില്‍ കനത്ത മഴയില്‍ റെയില്‍പാളത്തില്‍ ആല്‍മരം വീണതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു.ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയാണ് പെയ്തത്. ആല്‍മരം വീണതിനെ തുടര്‍ന്ന് ആലപ്പുഴ -കണ്ണൂര്‍ ഇന്റര്‍സിറ്റി വടക്കാഞ്ചേരിയില്‍ പിടിച്ചിട്ടു.
വണ്ടിപറമ്പ് പ്രദേശത്താണ് വൈകുന്നേരത്തോടെ പെയ്ത മഴയിലും കാറ്റിലും വലിയ ആല്‍മരം പാളത്തില്‍ പതിച്ചത്. റെയില്‍വേ ട്രാക്കിനോട് ചേര്‍ന്നുള്ള പുറമ്പോക്ക് സ്ഥലത്തെ രണ്ടുവീടുകള്‍ക്ക് മുകളിലേക്ക് ആല്‍മരം കടപുഴകി വീഴുകയായിരുന്നു. അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഇവരെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ചേലക്കര, മുള്ളൂര്‍ക്കര ദേശമംഗലം തുടങ്ങിയ സ്ഥലങ്ങളില്‍ നിരവധി ഇടങ്ങളില്‍ മരം കടപുഴകി വീണിട്ടുണ്ട്. രണ്ട് വീടുകള്‍ക്കും കടകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. നാലുപേര്‍ക്ക് വൈദ്യുതാഘാതമേറ്റു.തിരുവഞ്ചിക്കുഴി ഭാഗത്ത് 3 വാഹനങ്ങള്‍ക്ക് മുകളിലൂടെയും മരം വീണു. സംഭവത്തില്‍ ആളപായമില്ല.പാഞ്ഞാളില്‍ പൈങ്കുളം സെന്ററില്‍ മരം വീണ് ഗതാഗതം സ്തംഭിച്ചു.












