തിരുവനന്തപുരം: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേരളാ പൊലീസ് കേസെടുത്ത നടപടിയെ അപലപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തീവ്ര ചിന്താഗതിക്കാരെ സഹായിക്കാനാണ് കേസെടുത്തതെന്നും ഇരട്ടനീതിയാണെന്നും വിമർശിച്ച അദ്ദേഹം പൊലീസ് നടപടി സംസ്ഥാന സർക്കാരിന്റെ വോട്ട് ബാങ്ക് രാഷ്ട്രീയം ലക്ഷ്യമിട്ടുള്ളതാണെന്നും വിമർശിച്ചു. മലപ്പുറത്ത് ഹമാസ് നേതാവ് പങ്കെടുത്ത റാലിക്കെതിരെയും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെയും പൊലീസ് കേസെടുത്തില്ല. എന്നാൽ രാജീവ് ചന്ദ്രശേഖറിനെതിരെ കേസെടുത്തു. പാർലമെന്റ് തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള മുഖ്യമന്ത്രിയുടെ നീക്കമാണ് ഇതിന് പിന്നിലെന്നും രാജ്യസ്നേഹമല്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
കളമശേരി കൺവൻഷൻ സെന്ററിൽ യഹോവയുടെ സാക്ഷികളുടെ സമ്മേളനത്തിനിടെ നടന്ന സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം നടത്തിയെന്ന് ആരോപിച്ചാണ് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ പൊലീസ് കേസെടുത്തത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153, 153എ എന്നീ വകുപ്പുകളാണ് മന്ത്രിക്കെതിരെ ചുമത്തിയിരിക്കുന്നത്. ജാമ്യം ലഭിക്കാത്ത കുറ്റങ്ങളാണ് ഇവ.