തിരുവനന്തപുരം: കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് കേരളത്തിലെ സാധാരണക്കാരുടെ ആശങ്കകൾ മുഖ്യമന്ത്രി അഭിസംബോധന ചെയ്തില്ലെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. ഒരു വ്യക്തിക്ക് സ്വയം ബോംബ് നിർമ്മിച്ച്, സ്ഫോടനം നടത്താമെന്ന അപകടകരമായ സാഹചര്യത്തിലേക്ക് കേരളം എത്തിയിരിക്കുന്നു. ഈ ആശങ്ക പരിഹരിക്കുന്ന ഒരു കാര്യവും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞില്ല. പ്രതിപക്ഷവും മുഖ്യമന്ത്രിയുടെ കെണിയിൽ പെട്ടു. നിരപരാധികൾ കൊല്ലപ്പെടാമെന്ന ഭീതി നിറഞ്ഞ സാഹചര്യമാണ് കേരളത്തിലെന്നും അദ്ദേഹം വിമർശിച്ചു.
കളമശേരി സ്ഫോടനത്തിൽ പ്രതി സ്വയം കീഴടങ്ങുന്നത് വരെ പോലീസിന് ഒരു വിവരവും ഇല്ലായിരുന്നു. ഭീകരപ്രവർത്തനമാണെന്ന കാര്യത്തിൽ എം വി ഗോവിന്ദനടക്കം ആർക്കും സംശയമുണ്ടായിട്ടില്ല. ഡൊമിനിക് മാർട്ടിൻ മാത്രമേ പ്രതിയായുള്ളോ എന്ന സംശയം പ്രകടിപ്പിച്ചാൽ അന്വേഷണത്തെ തടസപ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി പറയും. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള മത ധ്രുവീകരണത്തിനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഭീകരപ്രവർത്തനത്തിന് ഏറെ സാധ്യതയുള്ള സ്ഥലമായി കേരളം മാറിയിരിക്കുകയാണ്. എലത്തൂർ ട്രെയിൻ തീവയ്പ് അതാണ് വ്യക്തമാക്കിയത്. രാജീവ് ചന്ദ്രശേഖറിനെതിരെ കേസെടുത്തത് മതധ്രുവീകരണം ഉന്നമിട്ടാണ്. രാജീവ് ചന്ദ്രശേഖർ ഇത് കണ്ട് പേടിച്ച് ഓടുമെന്ന് കരുതേണ്ട. ഗോവിന്ദൻ മാഷിനെതിരെ കേസ് എടുക്കാത്തത് എന്തുകൊണ്ടാണെന്നും വി മുരളീധരൻ ചോദിച്ചു.
അതേസമയം ഇന്ത്യാക്കാർക്ക് ഖത്തർ വധശിക്ഷ വിധിച്ച സംഭവത്തിൽ നയതന്ത്രപരവും, നിയമപരവുമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്നലെ വിദേശകാര്യ മന്ത്രി തന്നെ ഇക്കാര്യത്തിൽ ഉറപ്പ് നൽകിയതാണ്. 8 പേരിൽ ഒരാൾ മലയാളിയാണ്. സുരക്ഷയെ കരുതി വിവരങ്ങൾ വെളിപ്പെടുത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.