തൃശ്ശൂർ: കരുവന്നൂരിൽ സർക്കാർ പാക്കേജ് പ്രകാരം നാളെ മുതൽ നിക്ഷേപകർക്ക് പണം വിതരണം ചെയ്യും. നാളെ മുതൽ 50,000 രൂപയ്ക്ക് മുകളിൽ സ്ഥിര നിക്ഷേപമുള്ളവർക്ക് അവശ്യാനുസരണം നിക്ഷേപം പിൻവലിക്കാനാവും. പണം വാങ്ങുന്നവർക്ക് തുക താത്പര്യമുണ്ടെങ്കിൽ ബാങ്കിൽ തന്നെ പുതുക്കി നിക്ഷേപിക്കാനും അവസരമൊരുക്കും. നവംബർ 11 മുതൽ 50000 രൂപ വരെ കാലാവധി പൂർത്തീകരിച്ച സ്ഥിര നിക്ഷേപകർക്ക് ആവശ്യാനുസരണം പണം പിൻവലിക്കുകയോ പുതുക്കി നിക്ഷേപിക്കുകയോ ചെയ്യാം. നവംബർ 20ന് ശേഷം ബാങ്കിന്റെ എല്ലാ ശാഖകളിൽ നിന്നും 50,000 രൂപ വരെ പിൻവലിക്കാൻ അനുവദിക്കുമെന്നും ബാങ്ക് അധികൃതർ വ്യക്തമാക്കുന്നു.
ഡിസംബർ ഒന്നു മുതൽ ഒരു ലക്ഷം രൂപയ്ക്കുമേൽ നിക്ഷേപമുള്ള കാലാവധി പൂർത്തീകരിച്ച നിക്ഷേപങ്ങൾക്ക് തുകയുടെ നിശ്ചിത ശതമാനവും പലിശയും കൈപ്പറ്റി നിക്ഷേപം പുതുക്കാനും അനുമതിയുണ്ട്. ഈ പാക്കേജ് പ്രകാരം 21190 പേർക്ക് പൂർണമായും തുക പിൻവലിക്കാനും 2448 പേർക്ക് ഭാഗികമായി തുക പിൻവലിക്കാനും അവസരമുണ്ടാകും. കുടിശ്ശിക വായ്പകൾ തിരിച്ചുപിടിച്ച് പണം കണ്ടെത്തുമെന്നും സഹകരണ സംഘങ്ങളുടെ കൺസോർഷ്യം, സഹകരണ വികസന ക്ഷേമനിധി ബോർഡ് തുടങ്ങിയവയിലൂടെ പണം സമാഹരിക്കുമെന്നും ബാങ്ക് അറിയിച്ചു.