കൊച്ചി: കളമശ്ശേരിയിൽ യഹോവയുടെ സാക്ഷികളുടെ സമ്മേളനസ്ഥലത്ത് സ്‌ഫോടനം നടത്താൻ പ്രതി ഡൊമിനിക് മാർട്ടിൻ നിർമിച്ച ബോംബിന്റെ നിർമാണ സാമഗ്രികൾ കണ്ടെടുത്തു. മാർട്ടിനുമായുള്ള തെളിവെടുപ്പിലാണ് ഐ.ഇ.ഡി നിർമിക്കാൻ ഉപയോഗിച്ച ബാറ്ററി, വയർ, പെട്രോൾ എത്തിച്ച കുപ്പി എന്നിവ കണ്ടെത്തിയത്. ഇയാളുടെ അത്താണിയിലെ വീട്ടിൽനിന്നാണ് ഇവ കണ്ടെത്തിയത്.
രാവിലെ 9.30ഓടെയാണ് അത്താണിയിലെ അപ്പാർട്ട്‌മെന്റിൽ പൊലീസ് എത്തിയത്. ബോംബ് നിർമിച്ചത് എങ്ങനെയാണെന്ന് മാർട്ടിൻ പൊലീസിന് കൃത്യമായി വിശദീകരിച്ചു നൽകി. പ്രതിയെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കുമെന്നാണ് പൊലീസ് നൽകുന്ന സൂചന. വിവിധ സ്ഥലങ്ങളിൽ ഇനിയും തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. ഇതിന് കസ്റ്റഡി അപേക്ഷ നൽകും.
മാർട്ടിന്റെ ഭാര്യയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. ബോംബ് സ്‌ഫോടനം നടക്കുന്നതിന്റെ തലേ ദിവസം മാർട്ടിന്റെ ഫോണിലേക്ക് ഒരു കോൾ വന്നിരുന്നുവെന്ന് ഇവർ പൊലീസിന് മൊഴി നൽകി. അന്ന് പേടിച്ചുകൊണ്ടാണ് സംസാരിച്ചത്. ആരാണ് വിളിച്ചതെന്ന് ചോദിച്ചപ്പോൾ ക്ഷോഭിച്ചെന്നും ഇവർ പൊലീസിനോട് പറഞ്ഞു. സ്‌ഫോടനം നടത്തുന്നതിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.