മുംബൈ: വീടിന് പുറത്ത് അഴിച്ചുവെച്ച ഷൂ കാണാതെ പോയാൽ? അതേക്കുറിച്ച് കേസിനും കൂട്ടത്തിനുമൊന്നും പോകാൻ മെനക്കെടാത്തവരായിരിക്കും എല്ലാവരും. ഷൂ കാണാതായെന്ന പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തുന്നതിൽ വലിയ കാര്യമില്ലെന്നാവും മിക്കവരുടെയും ചിന്താഗതി. മുംബൈയിൽ വിലപിടിപ്പുള്ള ഷൂ മോഷ്ടിക്കാനിറങ്ങുന്ന സംഘത്തിലെ സ്ത്രീകൾക്ക് വളമാകുന്നതും അതാണ്.
എന്നാൽ, മുംബൈ അന്ധേരിയിലെ ബകുൽ ഷിൻഡെ എന്ന മാരത്തോൺ ഓട്ടക്കാരൻ വിട്ടുകൊടുക്കാൻ തയാറായിരുന്നില്ല. ബുകലിന് നഷ്ടമായത് കേവലമൊരു ഷൂ ആയിരുന്നില്ല. മത്സരങ്ങളിൽ പങ്കെടുക്കാൻ ആ 30കാരൻ ഉപയോഗിക്കുന്ന വിലപിടിച്ച രണ്ടു ജോടി ഷൂവായിരുന്നു. രണ്ടു ജോടിക്കുമായി അരലക്ഷം രൂപയോളം വില വരും.
ഷൂ കാണാതായത് എങ്ങനെയെന്ന് സി.സി.ടി.വിയിൽ പരിശോധിച്ചപ്പോഴാണ് ‘കള്ളി’ വെളിച്ചത്തായത്. അന്ധേരി ഈസ്റ്റിലെ പൂനം നഗറിലുള്ള ഹാർമണി സൊസൈറ്റി ഫ്ലാറ്റിന്റെ സ്റ്റെയർകേസിൽ നിന്ന് രണ്ടു സ്ത്രീകൾ ഷൂ എടുത്തുകൊണ്ടുപോകുന്നത് ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ഫ്ലാറ്റിന്റെ ഏഴാം നിലയിൽ കയറിയെത്തിയാണ് ഇവർ ഷൂ മോഷ്ടിച്ചത്. കൈയിലുള്ള കുട സി.സി.ടി.വി കാമറക്കുനേരെ തുറന്നുവെച്ചായിരുന്നു മോഷണം.
അന്ധേരി ഈസ്റ്റിൽ പലയിടത്തും ഇത്തരത്തിൽ വീടുകളിൽനിന്ന് ഷൂ മോഷണം പോയതായി റിപ്പോർട്ടു ചെയ്തിട്ടുണ്ട്. ആളുകൾ വലിയ ഗൗരവം ഇതിനു കൽപിക്കാതിരുന്നത് മോഷണം തുടരാൻ ഇടയാക്കിയെങ്കിലും മാരത്തൺ താരത്തിന്റെ ഷൂ മോഷ്ടിച്ചതോടെ കഥ മാറി. ‘ഞാൻ രാജ്യാന്തര മാരത്തൺ ഓട്ടക്കാരനാണ്. രാജ്യത്തെ പ്രതിനിധാനം ചെയ്ത് സ്വീഡനിലും ഡെന്മാർക്കിലുമൊക്കെ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. രണ്ടു മാസം മുമ്പ് 25000 രൂപ വീതം വില വരുന്ന രണ്ടു ജോടി ഷൂ ഞാൻ വാങ്ങിയിരുന്നു. വീടിനു പുറത്ത് സ്റ്റെയർകേസിലാണ് അവ വെക്കാറുള്ളത്. അവയാണ് മോഷ്ടാക്കൾ എടുത്തുകൊണ്ടു പോയത്’ -ബകുൽ ഷിൻഡെ ‘മിഡ് ഡേ’യോട് പറഞ്ഞു.
രണ്ടു സ്ത്രീകളും മാസ്ക് ധരിച്ചാണ് എത്തിയത്. വേലക്കാരെന്ന് തോന്നിക്കുന്ന വിധത്തിലായിരുന്നു ഇവരുടെ വേഷം. അതുകൊണ്ട് ആരാലും സംശയിക്കപ്പെടാതെ ഫ്ലാറ്റിന്റെ ഏഴാംനിലയിലെത്തി. മത്സരം ഉള്ളപ്പോൾ മാത്രം ധരിക്കുന്നതിനാൽ മോഷണത്തിനുപിന്നാലെ അക്കാര്യം ശ്രദ്ധയിൽപെട്ടിരുന്നില്ല. പിന്നീടാണ് രണ്ടുജോടി ഷൂകളും നഷ്ടമായ വിവരമറിയുന്നത്.
തുടർന്ന് അന്ധേരി പൊലീസ് സ്റ്റേഷനിൽ ഷിൻഡെ പരാതിയുമായെത്തി. സി.സി.ടി.വി ദൃശ്യങ്ങളും പൊലീസിന് കൈമാറി. മോഷണം പോയത് ‘വെറുമൊരു’ ഷൂ അല്ലേ എന്നുപറഞ്ഞ് ആദ്യം പൊലീസ് എഫ്.ഐ.ആർ തയാറാക്കിയിരുന്നില്ലെന്ന് ഷിൻഡെ പറഞ്ഞു. പിന്നീടാണ് പൊലീസ് എഫ്.ഐ.ആർ ഇട്ടത്.
ഘട്കോപാർ, മുലുന്ദ് പ്രദേശങ്ങളിൽ വിലപിടിപ്പുള്ള ഷൂകൾ മോഷ്ടിക്കുന്ന സ്ത്രീകളുടെ സംഘത്തെക്കുറിച്ച് നേരത്തേ വാർത്തകൾ വന്നിരുന്നു. വല്ലഭ് ബാഗ് ലൈനിലെ കമൽ കുഞ്ജ് സൊസൈറ്റിയിലെ വീട്ടിൽനിന്ന് 2023 ആഗസ്റ്റിൽ 15000 രൂപ വിലയുള്ള രണ്ടുജോടി ഷൂകൾ മോഷ്ടിച്ചത് സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു.