ന്യൂഡൽഹി > കേന്ദ്രസർക്കാർ നിയന്ത്രിത ഹാക്കർമാർ മൊബൈൽ ഫോൺ ചോർത്താൻ ശ്രമിക്കുന്നത് ഭരണഘടന ഉറപ്പ് നൽകുന്ന മൗലിക അവകാശങ്ങളുടെ കടുത്ത ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. സർക്കാർ ഇത്തരത്തിൽ എത്തിനോക്കുന്നത് ജനാധിപത്യവിരുദ്ധമാണ് – ആപ്പിളിൽനിന്ന് ലഭിച്ച മുന്നറിയിപ്പ് സന്ദേശം ചേർത്ത് അയച്ച കത്തിൽ പറഞ്ഞു.
തന്റെ പ്രവർത്തനത്തിൽ ഒളിക്കാൻ ഒന്നുമില്ലെന്ന് സീതാറാം യെച്ചൂരി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ, തന്നെ നിരീക്ഷിക്കുന്നതും താൻ ഉപയോഗിക്കുന്ന ഇലക്‌ട്രോണിക് ഉപകരണങ്ങൾ വിദൂര നിയന്ത്രണത്തിൽ കൊണ്ടുവരുന്നതും അവയിൽ ചില വിവരങ്ങൾ നിക്ഷേപിക്കാനും കെട്ടിച്ചമച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ തന്നെ കുടുക്കാനുമാണ്. കേന്ദ്ര ഏജൻസികളെ വിപുലമായ തോതിൽ ദുരുപയോഗിക്കുന്ന സർക്കാരിൽനിന്ന് ഇത്തരം പ്രവൃത്തിക്ക് സാധ്യതയുണ്ട്.
ഭരണഘടനപ്രകാരം സത്യപ്രതിജ്ഞ ചെയ്‌താണ് മോദി പ്രധാനമന്ത്രിയായി ചുമതലയേറ്റതെന്ന് കത്തിൽ ഓർമ്മിപ്പിച്ചു. എന്നാൽ ജനാധിപത്യത്തെയും പൗരരുടെ ജനാധിപത്യ അവകാശങ്ങളെയും ഹനിക്കുകയാണ്. അത് അംഗീകരിക്കാൻ കഴിയില്ല. ഈ വിഷയത്തിൽ പ്രധാനമന്ത്രിയുടെ പ്രതികരണം പ്രതീക്ഷിക്കുന്നതായി കത്തിൽ പറഞ്ഞു.