കോഴിക്കോട് > കേരളാടിസ്ഥാനത്തിൽ സമസ്‌തക്ക് സംഗമം നടത്താൻ കോഴിക്കോട് കടപ്പുറം മതിയാവില്ലെന്ന് സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ(ഇ കെ വിഭാഗം) പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ. അതിനാലാണ് ജില്ലകളിൽ ഒതുക്കിയത് – മുസ്ലിംലീഗ് കഴിഞ്ഞ ദിവസം കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച പലസ്‌തീൻ ഐക്യദാർഢ്യറാലിയെ പേരെടുത്ത് പറയാതെയായിരുന്നു ജിഫ്രി തങ്ങളുടെ പരാമർശം. മുതലക്കുളം മൈതാനിയിൽ പലസ്‌തീന് പിന്തുണയുമായി നടത്തിയ പ്രാർഥനാസംഗമം ഉദ്‌ഘാടനം ചെയ്തായിരുന്നു ജിഫ്രി തങ്ങൾ ലീഗിനെ പരോക്ഷമായി വിമർശിച്ചത്. കടപ്പുറം റാലി സമസ്‌തക്കുള്ള താക്കീതായി ലീഗ് കേന്ദ്രങ്ങൾ പ്രചരിപ്പിച്ചിരുന്നു. ഇതിനുള്ള പ്രതികരണമായിരുന്നു സമസ്‌ത പ്രസിഡന്റിന്റെ പ്രതികരണം. ലീഗ് – സമസ്‌ത ഭിന്നത ശക്തമായി തുടരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ജിഫ്രി തങ്ങളുടെ വാക്കുകൾ.
ലീഗ് റാലി ഉദ്‌ഘാടനംചെയ്‌ത കോൺഗ്രസ് നേതാവ് ശശി തരൂർ എംപിയുടെ നിലപാടിനെയും വേദിയിൽ വിമർശിച്ചു. ഹമാസിനെ ഭീകരവാദികളെന്ന് തരൂർ പറഞ്ഞത് ഖേദകരമാണെന്ന് അധ്യക്ഷനായ എ വി അബ്ദുറഹ്മാൻ മുസ്ല്യാർ പറഞ്ഞു. തരൂരിന് ചരിത്രജ്ഞാനമുണ്ടെന്നാണ് ധരിച്ചതെന്നും അദ്ദേഹം പറഞ്ഞു. എസ്‌കെഎസ്‌എസ്‌എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സത്താർ പന്തല്ലൂർ സംസാരിച്ചു. ഉമർഫൈസി മുക്കം സ്വാഗതവും നാസർഫൈസി കൂടത്തായി നന്ദിയും പറഞ്ഞു. കോഴിക്കോട് ഖാസി മുഹമ്മദ്‌കോയ ജമലുല്ലൈലി സമൂഹപ്രാർഥനക്ക് നേതൃത്വം നൽകി.