മഹാരാഷ്ട്ര : മഹാരാഷ്ട്രയിൽ വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി സമയം വെട്ടിക്കുറച്ചു. പന്ത്രണ്ട് മണിക്കൂറിന് പകരം എട്ട് മണിക്കൂർ മാത്രമാകും ഇനി ഡ്യൂട്ടി ടൈം. വനിതാ ജീവനക്കാരുടെ പുതിയ ഹ്രസ്വ പ്രവൃത്തിദിനം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കും. സംസ്ഥാന പൊലീസ് ഡയറക്ടർ ജനറൽ (ഡിജിപി) ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. സ്ത്രീകൾക്ക് എട്ട് മണിക്കൂർ ഡ്യൂട്ടി ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ പ്രാബല്യത്തിൽ വരുമെന്ന് ഡിജിപിയുടെ നിർദ്ദേശത്തിൽ പറയുന്നു. ഉത്തരവ് നടപ്പാക്കുന്നുവെന്ന് യൂണിറ്റ് കമാൻഡർമാർ ഉറപ്പാക്കണം. അടിയന്തര സാഹചര്യങ്ങളിലോ ഉത്സവ വേളകളിലോ വനിതാ ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി സമയം വർദ്ധിപ്പിക്കാം. എന്നാൽ അതത് ജില്ലാ പോലീസ് സൂപ്രണ്ടുമാരുടെയോ ഡെപ്യൂട്ടി കമ്മീഷണർമാരുടെയോ അനുമതി വേണം. വനിതാ ഉദ്യോഗസ്ഥർക്ക് മികച്ച തൊഴിൽ-ജീവിത സാഹചര്യം നൽകുന്നതിനാണ് നടപടി സ്വീകരിച്ചതെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. നേരത്തെ നാഗ്പൂർ നഗരത്തിലും അമരാവതി നഗരത്തിലും പൂനെ റൂറലിലും ഈ സംവിധാനം നടപ്പിലാക്കിയിരുന്നു. സാധാരണയായി സ്ത്രീകൾക്കും പുരുഷന്മാർക്കും 12 മണിക്കൂറാണ് ഡ്യൂട്ടി.