തിരുവനന്തപുരം : സ്വകാര്യബസ് ഉടമകൾ സംയുക്തമായി ആഹ്വാനം ചെയ്ത പണിമുടക്കിൽ ജനം വലഞ്ഞു. വിദ്യാർഥികളുടെ കൺസഷൻ തുക വർധിപ്പിക്കൽ അടക്കമുള്ള വിഷയങ്ങൾ ഉന്നയിച്ചാണ് ഉടമകൾ തിങ്കൾ അർധരാത്രി 12 മുതൽ ചൊവ്വ രാത്രി 12വരെ പണിമുടക്കിയത്. സ്വകാര്യ ബസുകളെ ആശ്രയിക്കുന്ന നിരവധി പേരെ പണിമുടക്ക് ബാധിച്ചു. മലയോര മേഖലയിലടക്കം യാത്രക്കാർ പെരുവഴിയിലായി.
പണിമുടക്കിനെ മറികടക്കാൻ കെഎസ്ആർടിസിയുടെ 400 ബസ് 2000 സർവീസ് നടത്തി. സ്വകാര്യ ബസുകൾ കൂടുതൽ സർവീസ് നടത്തുന്ന കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് തുടങ്ങിയ ജില്ലകളെ സമരം വലിയ തോതിൽ ബാധിച്ചു. വിദ്യാർഥികളും ജോലിക്ക് പോകാനായി ബസ് സ്റ്റോപ്പുകളിൽ എത്തിയവരും മണിക്കൂറുകളോളം മറ്റു വാഹനങ്ങളെ നോക്കിനിന്ന് വലഞ്ഞു. ബസ് സ്റ്റാൻഡുകളിലും റെയിൽവേ സ്റ്റേഷനുകളിലുമെത്തിയവർ ഓട്ടോ, ടാക്സി എന്നിവയെ ആശ്രയിച്ചതോടെ പ്രീപെയ്ഡ് കൗണ്ടറുകളിലും വലിയ തിരക്കായി. ചിലയിടങ്ങളിൽ സംഘടനകളുടെ ഭാഗമല്ലാത്ത സ്വകാര്യ ബസുകൾ സർവീസ് നടത്തിയത് യാത്രക്കാർക്ക് ആശ്വാസമായി. സീറ്റ് ബെൽറ്റ്, കാമറ എന്നിവ സ്ഥാപിക്കാനുള്ള തീരുമാനം സാമ്പത്തിക ബാധ്യത വർധിപ്പിക്കുമെന്നുമാണ് ബസ് ഉടമകളുടെ പരാതി.
പെർമിറ്റുകൾ യഥാസമയം പുതുക്കുക, വിദ്യാർഥികളുടെ ടിക്കറ്റ് നിരക്കു വർധിപ്പിക്കുക, ബസുകളിൽ സീറ്റ് ബെൽറ്റും കാമറയും ഘടിപ്പിക്കണമെന്ന തീരുമാനം റദ്ദാക്കുക എന്നിവയടക്കം ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ 21 മുതൽ അനിശ്ചിതകാലത്തേക്കു സർവീസ് നിർത്തിവയ്ക്കാനാണ് ബസ് ഉടമകളുടെ തീരുമാനം.