കൊച്ചി : നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട ഗൂഢാലോചനാ കേസില്‍ എല്ലാ ഫോണുകളും ഉടന്‍ ഹാജരാക്കണമെന്ന് നടന്‍ ദിലീപിനോട് ഹൈക്കോടതി. നടി ആക്രമിക്കപ്പെട്ട കേസിലെ വധശ്രമ ഗൂഢാലോചനക്കേസില്‍ ദിലീപിന്റെയും മറ്റു പ്രതികളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കവെയാണ് കോടതിയുടെ നിര്‍ദേശം. പ്രതികളെല്ലാം ഒറ്റയടിക്ക് ഫോണ്‍ മാറ്റിയത് ഗൂഢാലോചനയ്ക്ക് തെളിവാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. അറസ്റ്റില്‍ നിന്നുള്ള സംരക്ഷണത്തിന് ദിലീപിന് അര്‍ഹതയില്ല. ദിലീപ്, അനൂപ്, സൂരജ് എന്നിവര്‍ 2017ല്‍ എംജി റോഡില്‍ ഗൂഢാലോചന നടത്തി. സ്വന്തം നിലയ്ക്ക് ഫോണ്‍ പരിശോധനയ്ക്ക് നല്‍കാന്‍ സാധിക്കില്ല. ഇതിന് അവകാശം കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ചെയ്ത ഏജന്‍സികള്‍ക്ക് മാത്രം. അല്ലാത്ത പരിശോധനാ ഫലങ്ങള്‍ക്ക് സാധുതയില്ലെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.
എന്നാല്‍ എല്ലാ ഫോണുകളും കൈമാറാന്‍ സാധിക്കില്ലെന്നാണ് ദിലീപിന്റെ നിലപാട്. കൈവശമില്ലാത്ത ഫോണുകള്‍ എങ്ങനെ ഹജരാക്കാനാകുമെന്ന് ദിലീപിന്റെ അഭിഭാഷകര്‍ ചോദിച്ചു. കേരളത്തിലെ ഫൊറന്‍സിക് ലാബില്‍ ഫോണുകള്‍ പരിശോധിക്കരുതെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ദിലീപ് അറിയിച്ചു. .