കല്‍പ്പറ്റ: വയനാട്ടില്‍ ലഹരിവില്‍പ്പനക്കാരെ ശിക്ഷിച്ച് കോടതി. 1.387 കിലോ ഗ്രാം കഞ്ചാവ് കൈവശം വച്ചെന്ന കുറ്റത്തിന് പ്രതിക്ക് രണ്ട് വര്‍ഷം കഠിന തടവും 20,000 രൂപ പിഴയുമാണ് ശിക്ഷ ലഭിച്ചത്. മൈലമ്പാടി അപ്പാട് പാറക്കല്‍ മനോജ് (52) നെയാണ് എന്‍ ഡി പി എസ് സ്പെഷ്യല്‍ കോടതിയായ കല്പറ്റ അഡിഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. നാര്‍കോട്ടിക് സ്പെഷ്യല്‍ ജഡ്ജി എസ് കെ. അനില്‍ കുമാറാണ് വിധി പ്രഖ്യാപിച്ചത്. 2016 ജൂണിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
ഒന്നര കിലോഗ്രാമോളം കഞ്ചാവുമായി കൃഷ്ണഗിരി വില്ലേജിലെ മധുകൊല്ലിയില്‍ നിന്നാണ് പ്രതിയെ മീനങ്ങാടി പൊലീസ് പിടികൂടുന്നത്. അന്നത്തെ സബ് ഇന്‍സ്പെക്ടറായിരുന്ന എ യു ജയപ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കുറ്റകൃത്യം കണ്ടെത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. സബ് ഇന്‍സ്പെക്ടര്‍ സുധാകരന് ആണ് കേസ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡിഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ യു സുരേഷ് കുമാര്‍ ഹാജരായി.