ബംഗളൂരു: യുവതിയെ വളർത്തുനായ്ക്കൾ കടിച്ചെന്ന പരാതിയിൽ കന്നഡ നടൻ ദർശൻ തോഗുദീപക്കെതിരെ പൊലീസ് കേസെടുത്തു. 48 കാരിയായ സ്ത്രീക്കാണ് കടിയേറ്റത്. നടന്റെ ജീവനക്കാരനായ കെയർടേക്കറുമായി തർക്കമുണ്ടായതിനെ തുടർന്നാണ് നായ്ക്കൾ തന്നെ ആക്രമിച്ചതെന്ന് യുവതി ആരോപിക്കുന്നു. ഒക്ടോബർ 28 നാണ് കേസിന് ആസ്പദമായ സംഭവം. ബംഗളൂരു ആർആർ നഗറിൽ ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയ പരാതിക്കാരിയായ അമിത ജിൻഡാൽ ദർശന്റെ വീടിനോട് ചേർന്നുള്ള ഒഴിഞ്ഞ സ്ഥലത്ത് വാഹനം പാർക്ക് ചെയ്തു. ചടങ്ങ് കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ സ്ഥലത്ത് മൂന്ന് നായ്ക്കളുമായി ഒരാളെ കണ്ടു. വാഹനത്തിൽ കയറണമെന്നും നായ്ക്കളെ മാറ്റണമെന്നും അമിത ആവശ്യപ്പെട്ടത്തോടെ ഇരുവരും തമ്മിൽ തർക്കമായി.
പാർക്കിംഗിനെ ചൊല്ലിയാണ് തർക്കം ആരംഭിച്ചത്. ഇതിനിടെ നടന്റെ ജീവനക്കാരനായ കെയർടേക്കർ നായ്ക്കളെ വിട്ട് കടിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. കടിക്കുന്നത് കണ്ടിട്ടും നായ്ക്കളെ നിയന്ത്രിക്കാൻ കെയർടേക്കർ ശ്രമിച്ചില്ലെന്നും ആക്ഷേപമുണ്ട്. നായയുടെ കടിയേറ്റ് അമിതയുടെ വയറ്റിൽ പരിക്കേറ്റിട്ടുണ്ട്. സെക്ഷൻ 189 പ്രകാരമാണ് ദർശനും കെയർടേക്കർക്കും എതിരെ രാജരാജേശ്വരി നഗർ പൊലീസ് കേസെടുത്തിരിക്കുന്നത്.