കൊച്ചി: മാസപ്പടിയിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ അടക്കമുള്ളവർക്കെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയില്‍ അമിക്കസ് ക്യൂറിയായി അഡ്വ. അഖിൽ വിജയനെ നിയമിച്ചു. ഹർജി നാളെ കോടതി വീണ്ടും പരിഗണിക്കും. കേസിന്‍റെ വിവരങ്ങൾ അമിക്കസ് ക്യൂറി പരിശോധിക്കും. അതേസമയം, ഹർജിക്കാരൻ മരിച്ചതിനാൽ കേസ് അവസാനിപ്പിക്കാമെന്ന് കുടുംബം കോടതിയെ അറിയിച്ചു. വീണ വിജയന് പുറമെ മുഖ്യമന്ത്രി പിണറായി വിജയൻ, രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ രാഷ്ട്രീയ നേതാക്കൾക്കെതിരെ അന്വേഷണം വേണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.
എന്നാല്‍, ഹർജിക്കാരനായ ഗിരീഷ് ബാബു മരിച്ച സാഹചര്യത്തിൽ കേസുമായി മുന്നോട്ട് പോകാൻ താൽപ്പര്യമില്ലെന്ന് കുടുംബം കോടതിയെ അറിയിച്ചു. കളമശ്ശേരി കുസാറ്റിന് സമീപത്തെ വീടിനുള്ളിലാണ് ഗിരീഷ് ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. 47 വയസ്സായിരുന്നു. മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞ് പ്രതിയായ പാലാരിവട്ടം പാലം അഴിമതി, പെരിയാറിലെ മലിനീകരണം, ഏറ്റവും ഒടുവിലായി മുഖ്യമന്ത്രിക്കും മകൾക്കും എതിരായ മാസപ്പടി വിഷയം തുടങ്ങി നിരവധി കേസുകളിലെ ഹർജിക്കാരനാണ് ഗിരീഷ് ബാബു.