കോഴിക്കോട്: പലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് മുസ്ലിം ലീഗിനെയും പങ്കെടുപ്പിക്കാൻ സിപിഎമ്മിന്റെ ആലോചന. സമസ്തയെ ക്ഷണിച്ചതിന് പിന്നാലെയാണ് മുസ്ലിം ലീഗിനെയും പങ്കെടുപ്പിക്കാനുള്ള ശ്രമം. ഈ മാസം 11ന് കോഴിക്കോട് സരോവരം ട്രേഡ് സെൻററിൽ ആണ് റാലി. എന്നാൽ പരിപാടിയിലേക്ക് കോൺഗ്രസിൽ നിന്ന് ആരെയും ക്ഷണിക്കില്ല. കോൺഗ്രസ് നേതാക്കളെ ക്ഷണിക്കില്ലെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ പറഞ്ഞു. അതേസമയം മുസ്ലിം ലീഗിനെ ക്ഷണിക്കുന്ന കാര്യത്തിൽ അടുത്ത ദിവസങ്ങളിൽ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. സമസ്ത ഉൾപ്പെടെയുള്ള സംഘടനകളെയും പരിപാടിയിലേക്ക് ക്ഷണിക്കുമെന്ന് വ്യക്തമാക്കിയ അദ്ദേഹം ശശി തരൂരിന്റെ പ്രസ്താവനയോടെ കോൺഗ്രസിന്റെ പലസ്തീൻ വിഷയത്തിലെ നിലപാട് വ്യക്തമായെന്നും വിമർശിച്ചു.
ഈ മാസം പതിനൊന്നിന് കോഴിക്കോട് നടക്കുന്ന റാലി മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുക. സിപിഎമ്മാണ് പരിപാടിയുടെ സംഘാടകർ. നേരത്തെ ഏക സിവില്‍ കോഡിനെതിരെ സിപിഎം സംഘടിപ്പിച്ച പരിപാടിയിലേക്ക് സമസ്തയെ ക്ഷണിച്ചിരുന്നു. മുസ്ലിം ലീഗിനും ഈ പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും അവർ പങ്കെടുത്തില്ല. മുസ്ലിം ലീഗിന്‍റെ എതിര്‍പ്പ് വകവെക്കാതെ അന്ന് സമസ്ത പ്രതിനിധി സെമിനാറില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. എന്നാൽ കോഴിക്കോട് ബീച്ചിൽ മുസ്ലിം ലീഗ് കഴിഞ്ഞ ദിവസം നടത്തിയ പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയിലേക്ക് സമസ്ത നേതാക്കളെ പ്രത്യേകമായി ക്ഷണിച്ചിരുന്നില്ല. എന്നാൽ കോൺഗ്രസ് നേതാവ് ശശി തരൂർ മുഖ്യാതിഥിയായി പങ്കെടുക്കുകയും ചെയ്തു. ഇദ്ദേഹത്തിന്റെ പ്രസംഗം വലിയ വിവാദമാവുകയും ചെയ്തിരുന്നു. സമസ്തയാകട്ടെ തങ്ങളുടെ കീഴിലുള്ള എല്ലാ പള്ളികളിലും പലസ്തീനിലെ ദുരിതമനുഭവിക്കുന്ന മനുഷ്യർക്കായി പ്രത്യേക പ്രാർത്ഥന നടത്തിയിരുന്നു.