തിരുവനന്തപുരം : ഗവർണർ ഭരണഘടനാനുസൃതമായി പ്രവർത്തിക്കണമെന്ന് മന്ത്രി പി രാജീവ്. .ഗവർണറുടേത് ജനാധിപത്യത്തിന് എതിരായ നീക്കം. നിയമസഭയുടെ അധികാരം പാലിക്കപ്പെടേണ്ടത് അനിവാര്യമാണ്. ഗവർണർ തടസം സൃഷ്‌ടിക്കുന്നു. ചട്ടങ്ങളിൽ നിന്നുകൊണ്ടാണ് നിയമസഭാ ബില്ലുകൾ പാസാക്കുന്നത്. ഗവർണർക്ക് സ്വന്തമായി തീരുമാനമെടുക്കാൻ ഭരണഘടന അനുവാദം നൽകുന്നില്ലെന്ന് പി രാജീവ് വ്യക്തമാക്കി. സംസ്ഥാനത്തെ ജനങ്ങളുടെ അവകാശങ്ങളെയും ബില്ലുകളിലൂടെ സർക്കാർ ലക്ഷ്യമിട്ട ക്ഷേമ പ്രവർത്തനങ്ങളെയും തടസ്സപ്പെടുത്തുന്ന നിലപാടാണ് ഗവർണറുടേത് എന്നാണ് സുപ്രിം കോടതിയിൽ സംസ്ഥാന സർക്കാർ ഫയൽ ചെയ്ത ഹർജിയിലെ ആരോപണം.അനിശ്ചിതത്വം നേരിടുന്ന ബില്ലുകളിൽ മൂന്നെണ്ണം സർവ്വകലാശാല നിയമ ഭേദഗതി ബില്ലുകൾ ആണ്.
2021 നവംബറിൽ കൈമാറിയ ഈ ബില്ലുകളിൽ കഴിഞ്ഞ 23 മാസമായി ഗവർണർ തീരുമാനമെടുക്കുന്നില്ലെന്ന് സർക്കാർ ചൂണ്ടിക്കാട്ടി.സഹകരണ ഭേദഗതി ബില്ല് ലോകായുക്ത ഭേദഗതി ബില്ല് പൊതുജനാരോഗ്യബില്ല് എന്നിവയും ഒപ്പിടാത്ത ബില്ലുകളുടെ കൂട്ടത്തിൽ പെടുന്നു.ഫെഡറലിസം സംരക്ഷിക്കാൻ പരമാവധി കാത്തുനിന്ന ശേഷമാണ് സുപ്രീംകോടതിയെ സമീപിക്കുന്നതെന്ന് മന്ത്രി പി രാജീവ് പ്രതികരിച്ചു.
അടിയന്തരമായി ബില്ലുകളിൽ തീരുമാനമെടുക്കാൻ ഗവർണർക്ക് നിർദ്ദേശം നൽകണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.ചീഫ് സെക്രട്ടറിക്ക് വേണ്ടി മുൻ അറ്റോർണി ജനറൽ കെ കെ വേണുഗോപാലാകും കോടതിയിൽ ഹാജരാവുക.സ്റ്റാൻഡിങ് കോൺസിൽ സി കെ ശശിയാണ് ഹർജി ഫയൽ ചെയ്തത്.