കേരളം അടക്കം പല സംസ്ഥാനങ്ങളിലും പനി കേസുകള്‍ കൂടിവരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതിനിടെ ഇപ്പോള്‍ ബംഗലൂരുവില്‍ സിക വൈറസ് സാന്നിധ്യം കൂടി സ്ഥിരീകരിച്ചിരിക്കുകയാണ്. ഇതോടെ ബംഗലൂ രുവില്‍ പനി കേസുകളെല്ലാം സൂക്ഷ്മതയോടെ പരിശോധിക്കാനുള്ള പുറപ്പാടിലാണ് അധികൃതര്‍. സിക വൈറസിനെ കുറിച്ച് ഏവരും കേട്ടിരിക്കും വര്‍ഷങ്ങളായി സംസ്ഥാനത്ത് അടക്ക് രാജ്യത്ത് പലയിടങ്ങളിലും സിക വൈറസ് ആക്രമണം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഇക്കഴിഞ്ഞ മൂന്ന് വര്‍ഷവും കേരളത്തില്‍ സിക വൈറസ് കേസുകള്‍ ധാരാളമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
കൊതുകുകടിയിലൂടെയാണ് സിക വൈറസ് മനുഷ്യരിലെത്തുക. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് ഇതി പകരുകയില്ല. അതേസമയം സിക വൈറസ് നമുക്ക് ആശങ്കപ്പെടേണ്ട തരത്തില്‍ അപകടകാരിയാണോ എന്ന സംശയം പലരിലുമുണ്ടാകാം. പ്രത്യേകിച്ച് പനി കേസുകള്‍ കൂടുതലായി വരുന്ന് സാഹചര്യത്തില്‍.
സിക വൈറസ് എത്രമാത്രം അപകടകാരി?
ഡെങ്കിപ്പനി, ചിക്കുൻ ഗുനിയ പോലെ ഈഡിസ് വിഭാഗത്തില്‍ പെടുന്ന കൊതുകുകള്‍ തന്നെയാണ് സിക വൈറസും പകര്‍ത്തുന്നത്. എന്നാല്‍ ഡെങ്കു പോലെയോ ചിക്കുൻ ഗുനിയ പോലെയോ പോലും അപകടകാരിയല്ല സിക വൈറസ്. എന്നാല്‍ അപൂര്‍വമായി ചില കേസുകളില്‍ സിക വൈറസ് ഗൗരവമായി വരാം. ഇക്കാര്യവും ഓര്‍ക്കുക. പൊതുവില്‍ ജീവന് ഭീഷണിയല്ല എന്നുവേണം മനസിലാക്കാൻ.
ഗര്‍ഭിണികളാണ് സിക വൈറസ് ഭീഷണി ഏറ്റവുമധികം നേരിടേണ്ടി വരുന്നത്. അമ്മയിൽ നിന്ന് ഗര്‍ഭസ്ഥ ശിശുവിലേക്കും രോഗമെത്താം. അങ്ങനെ സംഭവിച്ചാൽ ഒരുപക്ഷേ കുഞ്ഞിന്‍റെ തലച്ചോറിനെ രോഗം ബാധിക്കാം. ഇതല്‍പം കാര്യമായ അവസ്ഥ തന്നെയായിരിക്കും.
തലച്ചോറിനെ ബാധിക്കുന്ന ‘മൈക്രോസെഫാലി’ എന്ന അവസ്ഥയാണ് സിക വൈറസ് ഗര്‍ഭസ്ഥ ശിശുവിലുണ്ടാക്കുക. 2015ല്‍ ബ്രസീലില്‍ ഇത്തരത്തിലുള്ള നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
ഏതായാലും സാധാരണനിലയില്‍ സിക വൈറസ് അത്രമാത്രം ഭയപ്പെടേണ്ടതല്ല എന്ന് മനസിലാക്കാം.
ലക്ഷണങ്ങള്‍…
സിക വൈറസ് ബാധയ്ക്ക് പലപ്പോഴും അങ്ങനെ പ്രത്യേകമായ ലക്ഷണങ്ങള്‍ കാണാറില്ല. പനി ഒരു ലക്ഷണമാണ്. പനിക്കൊപ്പം സന്ധിവേദന, ഛര്‍ദ്ദി, തലവേദന, പേശീവേദന, കണ്ണ് വേദന, ചര്‍മ്മത്തില്‍ നേരിയ പാടുകള്‍ എന്നിങ്ങനെ ഡെങ്കിപ്പനിക്ക് സമാനമായ ലക്ഷണങ്ങളാണ് അധികവും സിക വൈറസിലും കാണുക.