കൊച്ചി : ഗൂഢാലോചന കേസില്‍ പ്രതികള്‍ക്ക് സമയം നീട്ടിനല്‍കുന്തോറും കേസ് അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് സംവിധായകന് ബൈജു കൊട്ടാരക്കര. ഫോണോ മറ്റ് തെളിവുകളോ പ്രതിക്ക് പരിശോധിക്കാന്‍ നല്കുന്ന പതിവ് നിലവിലില്ല. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കോ കോടതിക്കോ ആണ് കൈമാറണ്ടേത്. എല്ലാ ഫോണുകളും കൈമാറാനാകില്ലെന്നാണ് ദിലീപ് പറയുന്നത് എങ്കില്‍ ആ ഫോണുകളില്‍ നടി ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങളുണ്ടായിരിക്കുമെന്ന് തീര്‍ച്ചയാണ്.
ദിലീപിന്റെ വാദം പോലെ ഫോണുകള്‍ മുംബൈയിലോ ഹൈദരാബാദിലോ ഒന്നും പോയിട്ടുണ്ടാകില്ല. സമയം നീട്ടി നല്കുന്തോളം തെളിവ് നശിപ്പിക്കപ്പെടാനും കേസ് അട്ടിമറിക്കപ്പെടാനും സാധ്യതയുണ്ട്. ഞാനൊരു കൊലപാതകം ചെയ്തിട്ട് കേസ് വരുമ്പോള്‍ കൊല്ലാനുപയോഗിച്ച തോക്ക് അമേരിക്കയിലാണെന്ന് പറഞ്ഞാല്‍ എന്താകും സ്ഥിതി ? നിയമവ്യവസ്ഥിതിയെ പോലും വിശ്വാസമില്ലാതാക്കുന്ന അവസ്ഥ നമ്മുടെ നാട്ടിലുണ്ടാകാതിരിക്കാനാണ് കേസുമായി ശക്തമായി മുന്നോട്ടുപോകണമെന്ന് പറയുന്നത്.
ദിലീപ് ഫോണുകള്‍ മാറ്റിയത് കേസ് രജിസ്റ്റര്‍ ചെയ്ത അന്ന് തന്നെയാണ്. നിര്‍ണായക വിവരങ്ങള്‍ ആ ഫോണുകളില്‍ ഉണ്ടെന്നാണ് അതിനര്‍ത്ഥം. കേസ് രജിസ്റ്റര്‍ ചെയ്തപ്പോള്‍ തന്നെ അന്വേഷണ സംഘം റെയ്ഡ് നടത്തി ഫോണുകള്‍ പിടിച്ചെടുക്കണമായിരുന്നു- ബൈജു കൊട്ടാരക്കര പറഞ്ഞു.