തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കേരളീയം പരിപാടിയിൽ സർക്കാർ ജീവനക്കാർക്ക് ഇറക്കിയ ഉത്തരവിൽ ഭേദഗതി.സർക്കാർ ജീവനക്കാർക്ക് കേരളീയം പരിപാടിയിൽ പങ്കെടുക്കാമെന്ന ഉത്തരവിലാണ് ഭേദഗതി വരുത്തിയത്. സെമിനാറുകളിൽ മാത്രമേ സർക്കാർ ജീവനക്കാർക്ക് പങ്കെടുക്കാൻ കഴിയൂ എന്ന് പുതിയ ഭേദഗതിയിൽ പറയുന്നു. വ്യാപക വിമർശനത്തിന് പിന്നാലെ ആണ് നടപടി. ഓഫീസ് പ്രവര്‍ത്തനങ്ങളെ ബാധിക്കാത്ത വിധം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കേരളീയം വേദികളിലെത്താമെന്നായിരുന്നു സര്‍ക്കാര്‍ ഉത്തരവ്. രാവിലെ എത്തി രജിസ്റ്ററിൽ ഒപ്പിട്ട ശേഷം കേരളീയം വേദിയിലേക്ക് ജീവനക്കാര്‍ കൂട്ടത്തോടെ ഇറങ്ങിയതോടെ സെക്രട്ടേറിയറ്റിലടക്കം ആളില്ലാക്കസേരകളുടെ എണ്ണം കൂടുതലായിരുന്നു. പ്രതിസന്ധി കാലത്തെ ധൂര്‍ത്ത് വിവാദം നിലനിൽക്കെ കടുത്ത വിമര്‍ശനമാണ് നടപടിയിൽ പ്രതിപക്ഷ നേതാവ് ഉന്നയിച്ചത്. സ്കൂള്‍ വിദ്യാർത്ഥികള്‍ മുതൽ സർക്കാർ ഉദ്യോഗസ്ഥർക്കുവരെ കേരളത്തിൽ പങ്കെടുക്കാൻ ഇളവുകളുണ്ട്. കേരള സർവ്വകലാശാല പരീക്ഷകൾ മാറ്റിവച്ചു.
തലസ്ഥാനത്ത് 41 വേദികളിലായി 7 ദിവസം നീളുന്ന ആഘോഷ പരിപാടി മുഖ്യമന്ത്രി നവംബര്‍ 1ന് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കമലഹാസനും മമ്മൂട്ടിയും മോഹൻലാലും അടക്കം വൻ താരനിര അണിനിരന്നിരുന്നു. കേരളം ഇതുവരെ കൈവരിച്ച നേട്ടങ്ങൾ, ഭാവി കേരളത്തെ കുറിച്ചുള്ള സ്വപ്നങ്ങൾ തുടങ്ങിയ എല്ലാം ഒരു കുടക്കീഴിൽ അവതരിപ്പിക്കുന്നതാണ് കേരളീയം. കേരളീയം ആഘോഷത്തിന്‍റെ ഭാഗമായി ദീപാലങ്കാരങ്ങളാൽ നിറഞ്ഞിരിക്കുകയാണ് തലസ്ഥാനനഗരി.
ആഘോഷത്തിന് ദേശീയ അന്തർദേശീയ പ്രതിനിധികൾ പങ്കെടുക്കുന്ന സെമിനാറുകളുമുണ്ട്. ചുമർ ചിത്രങ്ങളും ഇൻസ്റ്റലേഷനുകളും ഉൾക്കൊള്ളുന്ന പ്രദർശനങ്ങളും കേരളീയത്തിന് മാറ്റുകൂട്ടും. ശോഭനയടക്കമുള്ള പ്രമുഖരെത്തുന്ന കലാപരിപാടികളും കേരളീയത്തിന്‍റെ ഭാഗമായി നടക്കും. വ്യാപാരമേള. ചലച്ചിത്രമേള, പുഷ്പമേള തുടങ്ങിയവയും നടക്കും. കേരളീയത്തിനൊപ്പം നിയമസഭാമന്ദിരത്തിൽ പുസ്തകോത്സവം നടക്കും.
കവടിയാർ മുതൽ കിഴക്കേകോട്ട വരെ നീളുന്ന ദീപാലങ്കാരങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഇതിനുപുറമെ വ്യത്യസ്ത രുചികളുമായി ഫുഡ് ഫെസ്റ്റിവലുമുണ്ട്. 11 വേദികളിലായാണ് വ്യത്യസ്ത രുചിക്കൂട്ടുകൾ അവതരിപ്പിക്കുന്ന ഭക്ഷ്യമേളയാണ് സംഘടിപ്പിക്കുന്നത്. സെൻട്രൽ സ്റ്റേഡിയം, കനകക്കുന്ന്, മാനവീയം വീഥി, പുത്തരിക്കണ്ടം, ടാഗോർ തിയേറ്റർ, യൂണിവേഴ്സിറ്റി കോളേജ് എന്നിങ്ങനെ നഗരത്തിന്‍റെ പ്രധാന ഭാഗങ്ങളില്ലെലാം വേദികള്‍ ഒരുക്കിയിട്ടുണ്ട്. എല്ലാ വേദികളിലേക്കും സൗജന്യ ഇലക്ട്രിക്ക് ബസ് സർവീസുകളുണ്ടാകും. ഇന്ന് മുതൽ എല്ലാ വേദികളും സജീവമാകും. അതേസമയം സാമ്പത്തിക പ്രതിസന്ധിക്കിടെ കേരളീയം പരിപാടി ധൂര്‍ത്താണെന്ന് ആരോപിച്ച് പ്രതിപക്ഷം ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുകയാണ്.