കോഴിക്കോട്: സ്കൂൾ വിദ്യാഭ്യാസത്തിന്റെ നിലവാര പഠനത്തിനായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നവംബർ മൂന്നിന് നടത്തുന്ന എസ്.ഇ.എ.എസ് (സ്റ്റേറ്റ് എജുക്കേഷനൽ അച്ചീവ്മെന്റ് സർവേ) പരീക്ഷക്കുള്ള ഒരുക്കങ്ങൾ ജില്ലയിൽ പൂർത്തിയായതായി എസ്.എസ്.കെ ജില്ല പ്രോജക്ട് കോഓഡിനേറ്ററും പരീക്ഷയുടെ കൺട്രോളിങ് ഓഫിസറുമായ ഡോ. എ.കെ. അബ്ദുൽ ഹക്കീം അറിയിച്ചു. മൂന്നാം ക്ലാസിലെ 326 ഡിവിഷൻ, ആറാം ക്ലാസിലെ 292 ഡിവിഷൻ, ഒമ്പതാം ക്ലാസിലെ 230 ഡിവിഷൻ എന്നിങ്ങനെ ജില്ലയിലെ 575 സ്കൂളുകളിലായി 848 ബാച്ചുകളിലാണ് സർവേ നടക്കുന്നത്.
3.6,9 ക്ലാസുകളിലെ തിരഞ്ഞെടുത്ത കുട്ടികൾക്കാണ് പരീക്ഷ നടക്കുന്നത്. ഇംഗ്ലീഷ്, മലയാളം മീഡിയങ്ങൾക്ക് പ്രത്യേകമായാണ് പരീക്ഷ നടക്കുക. അപഗ്രഥന സ്വഭാവമുള്ള ചോദ്യങ്ങൾ വായിച്ച് മനസ്സിലാക്കി ഒ.എം.ആർ ഷീറ്റിൽ ഉത്തരം രേഖപ്പെടുത്തുകയാണ് വേണ്ടത്. വിദ്യാഭ്യാസ ഉപഡയറക്ടർ, ഡയറ്റ് പ്രിൻസിപ്പൽ, വിദ്യാകിരണം കോഓഡിനേറ്റർ എന്നിവരെ ജില്ലതല കോഓഡിനേറ്റർമാരായും ഡി.ഇ.ഒ, എ.ഇ.ഒ, ബി.പി.സി എന്നിവരെ മേഖലതല കോഓഡിനേറ്റർമാരായും നിയമിച്ചിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പിൽനിന്ന് പുറത്തുള്ളവരാണ് ഇൻവിജിലേറ്റർമാരായി പ്രവർത്തിക്കുക.