കോട്ടയം: മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന രോഗികളെ സന്ദർശിക്കാനെത്തിയവർക്ക് പാസ് നൽകേണ്ട കൗണ്ടറിൽ ജീവനക്കാരെത്തിയില്ല. പാസ് ലഭിക്കാതെ വാർഡിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് സുരക്ഷ ഉദ്യോഗസ്ഥർ നിലപാടെടുത്തതോടെ സന്ദർശനത്തിന് എത്തിയവർ പ്രതിഷേധമുയർത്തി.
സുരക്ഷാ ഉദ്യോഗസ്ഥരുമായി രൂക്ഷമായ വാക്തർക്കവും ബഹളവുമുണ്ടായി. ബുധനാഴ്ച വൈകീട്ട് ഏഴിന് ശേഷം മെഡിക്കൽ കോളജ് ആശുപത്രിയിൽ വാർഡുകളിലേക്കുള്ള പ്രവേശന കവാടത്തിലായിരുന്നു ബഹളം. വൈകീട്ട് ഏഴ് മുതൽ എട്ടുവരെ 50 രൂപയാണ് രോഗി സന്ദർശന ഫീസ്. ഏഴിന് എത്തിയ സന്ദർശകർ പാസ് എടുക്കുന്നതിന് കൗണ്ടറിന് മുന്നിൽപോയി വരിനിന്നു. അധികനേരം നിന്നിട്ടും കൗണ്ടർ തുറന്നില്ല. ഏറെനേരം കാത്തുനിന്നിട്ടും കൗണ്ടറിൽ ആളെത്താത്തതിനെ തുടർന്ന് സന്ദർശകർ പ്രവേശനകവാടത്തിൽ നിന്ന സുരക്ഷാ ഉദ്യോഗസ്ഥരെ സമീപിച്ചെങ്കിലും സുരക്ഷാ ജീവനക്കാർ കാര്യമാക്കിയില്ല. സന്ദർശകരുടെ എണ്ണം വർധിച്ചപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർ കൗണ്ടറിൽ ചെന്ന് അന്വേഷിച്ചപ്പോഴാണ് പാസ് നൽകേണ്ട കൗണ്ടർ തുറന്നിട്ടില്ലെന്ന് മനസ്സിലായത്. ഇതിനിടെ സന്ദർശകരെ പാസില്ലാതെ അകത്തേക്ക് പ്രവേശിപ്പിക്കണമെന്ന് പറഞ്ഞെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥരും തയാറായില്ല.
ജീവനക്കാർക്കുള്ള ഡ്യൂട്ടി നിശ്ചയിക്കുന്നവരുടെ ഭാഗത്തെ ഗുരുതരമായ വീഴ്ചയാണ് സംഭവത്തിന് കാരണമായി പറയപ്പെടുന്നത്. ബുധനാഴ്ച പാസ് വിതരണ കൗണ്ടറിൽ ഡ്യൂട്ടി നിശ്ചയിച്ചിരുന്നത് ഡേറ്റ എൻട്രി വിഭാഗത്തിലെ ഒരു താൽക്കാലിക ജീവനക്കാരനായിരുന്നു. ഇയാൾ ബുധനാഴ്ച അവധിയെടുത്തു. പകരം പൊടിപാറ ലാബിൽ ഡ്യൂട്ടിയിലുള്ള ഒരു ഡേറ്റ എൻട്രി താൽക്കാലിക ജീവനക്കാരിയെ നിയോഗിച്ചിരുന്നതായി പറയുന്നു. എന്നാൽ, വൈകീട്ട് ഏഴ് മുതൽ എട്ടുവരെയുള്ള സന്ദർശന പാസ് നൽകേണ്ട സമയത്ത് ഒരാളും ഡ്യൂട്ടിക്ക് എത്തിയില്ല. മുമ്പ് ഈ വിഭാഗം ജീവനക്കാരുടെ ഓരോ ദിവസത്തെയും ഡ്യൂട്ടി നിശ്ചയിച്ചിരുന്നത് എച്ച്.ഡി.എസ് വിഭാഗത്തിലെ മുതിർന്ന ജീവനക്കാരിയായിരുന്നു. അടുത്ത കാലത്തായി ഡേറ്റ എൻട്രി വിഭാഗത്തിലേക്ക് നിരവധി പേർ എച്ച്.ഡി.എസ് മുഖേന ജോലിയിൽ പ്രവേശിക്കുകയും വിവിധ കൗണ്ടറുകൾക്ക് മാറ്റം വരുത്തുകയും ചെയ്തു. തുടർന്ന് എച്ച്.ഡി.എസ് ജീവനക്കാർക്ക് ഡ്യൂട്ടി നിശ്ചയിച്ച് കൊടുത്തിരുന്ന സീനിയർ ജീവനക്കാരിയെ (എച്ച്.ഡി.എസ്) സ്ഥാനത്തുനിന്ന് മാറ്റിയതായി പറയപ്പെടുന്നു. ഇപ്പോൾ ഡേറ്റ എൻട്രി ഉൾപ്പെടെയുള്ള താൽക്കാലിക ജീവനക്കാർക്ക് ഡ്യൂട്ടി നിശ്ചയിക്കുന്നത് ആരാണെന്ന് നഴ്സിങ് സൂപ്രണ്ട് ഓഫിസ് അധികൃതർക്കും അറിയില്ല.