ലാസ് വേഗാസ്: ആറാം ക്ലാസ് വിദ്യാര്‍ത്ഥികളെ സഹപാഠികളുടെ മുന്നില്‍ വച്ച് പരസ്യമായി ചുംബിക്കാന്‍ ആവശ്യപ്പെട്ട അധ്യാപിക അറസ്റ്റില്‍. റഷീദ റോസ് എന്ന 29കാരിയായ അധ്യാപികയെ ആണ് ബുധനാഴ്ച അറസ്റ്റ് ചെയ്തത്. ലാസ് വേഗാസിലെ വടക്കന്‍ മേഖലയിലെ പ്രമുഖ സ്കൂളിലെ താൽക്കാലിക അധ്യാപിക ആയിരുന്നു ഇവർ. ഈ അധ്യാപിക ക്ലാസില്‍ അസഭ്യമായ ഭാഷ ഉപയോഗിച്ചതായി വിദ്യാർത്ഥികൾ രണ്ട് ദിവസം മുന്പാണ് പരാതിപ്പെട്ടിരുന്നു.
കുട്ടികളെ മോശം ഭാഷ പ്രയോഗിക്കാനും പരസ്പരം ചുംബിക്കാനും അധ്യാപിക ആവശ്യപ്പെട്ടതായി പരാതിപ്പെട്ട് രക്ഷിതാക്കള്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് സംഭവം പുറത്തറിയുന്നത്. കുട്ടികളെ ദുരുപയോഗം ചെയ്തതിന് 2 ഡിഗ്രി വകുപ്പുകളാണ് 29കാരിക്ക് എതിരെ ചുമത്തിയിട്ടുള്ളത്. പരസ്യമായി ചുംബിക്കാന്‍ കുട്ടികളോട് നിർദ്ദേശിച്ചതോടെ കുട്ടികള്‍ അസ്വസ്ഥത കാണിച്ചതായും വീട്ടിലെത്തിയ ശേഷവും ഉദാസീനരായും കാണപ്പെട്ടതിന് പിന്നാലെയാണ് രക്ഷിതാക്കള്‍ വിവരം തിരക്കിയത്.
സംഭവത്തേക്കുറിച്ച് സ്കൂള്‍ അധികൃതര്‍ക്ക് അറിവില്ലാത്തതിലും രക്ഷിതാക്കള്‍ ശക്തമായ വിമർശനം ഉയർത്തിയിട്ടുണ്ട്. സംഭവം മൂടിവയ്ക്കാനാണ് സ്കൂള്‍ അധികൃതര്‍ ശ്രമിച്ചതെന്നാണ് രക്ഷിതാക്കള്‍ ആരോപിക്കുന്നത്. എന്നാല്‍ സ്കൂളിലെ സ്ഥിരം അധ്യാപികയല്ല റോസെന്നും കുറഞ്ഞ കാലത്തേക്ക് ഒരു അധ്യാപികയ്ക്ക് പകരമായി എത്തിയവരാണ് ഇവരെന്നും ഒരു ഏജന്‍സിയാണ് പകരക്കാരായ അധ്യാപകരെ സ്കൂളിലേക്ക് എത്തിക്കുന്നതെന്നുമാണ് സ്കൂള്‍ അധികൃതര്‍ സംഭവത്തേക്കുറിച്ച് പ്രതികരിക്കുന്നത്. പരാതിയ്ക്ക് പിന്നാലെ അധ്യാപികയെ ചുമതലകളില്‍ നിന്ന് നീക്കി.