ന്യൂഡൽഹി > അദാനിക്കെതിരെ ലേഖനമെഴുതിയതിന് ഗുജറാത്ത് പൊലീസ് കേസ് എടുത്ത മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇടക്കാലാശ്വാസം നല്‍കി സുപ്രീംകോടതി. ശക്തമായ ഒരു നടപടിയും ഗുജറാത്ത് പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടാകരുതെന്ന് സുപ്രീംകോടതി ഗുജറാത്ത് പൊലീസിനോട് വെള്ളിയാഴ്‌ച ആവശ്യപ്പെട്ടു.
രവി നായര്‍ ആനന്ദ് മാന്‍ഗനാലെ, എന്‍ബിആര്‍ അര്‍ക്കാഡിയോ എന്നിവര്‍ ആഗസ്റ്റ് 31 ന് എഴുതിയ ലേഖനത്തിലാണ് അദാനിക്കെതിരെ ഗുരുതര ആരോപണങ്ങളുള്ളത്. ഓര്‍ഗനൈസ്‌ഡ് ക്രൈം ആൻഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിംഗ് പ്രോജക്‌ട് എന്ന ആഗോള ഇന്‍വസ്റ്റിഗേഷന്‍ ജേര്‍ണലിസ്റ്റ് ശൃംഖലയിലെ സ്റ്റാഫുകളാണ് ഇവർ.
ജസ്റ്റിസ് ബി ആർ ഗവായ്, ജസ്റ്റിസ് പ്രശാന്ത് കുമാര്‍ മിശ്ര എന്നിവര്‍ വിഷയത്തില്‍ ഗുജറാത്ത് സര്‍ക്കാരിന്റെ പ്രതികരണം തേടി. മുതിര്‍ന്ന അഭിഭാഷകരായ ഇന്ദിര ജയ്‌സിംഗ്, പരസ് നാഥ് സിംഗ് എന്നിവരാണ് രണ്ട് പത്രപ്രവര്‍ത്തകര്‍ക്കായി കോടതിയില്‍ ഹാജരായത്.