പ്യോങ് യാങ്: ചെലവു ചുരുക്കലിന്റെ ഭാഗമായി ഉത്തരകൊറിയ വിവിധ രാജ്യങ്ങളിലെ എംബസി അടച്ചുപൂട്ടാനൊരുങ്ങുന്നു. സ്പെയിൻ, ഹോങ്കോങ്, അംഗോള, യുഗാണ്ട എന്നിവിടങ്ങളിലെ കാര്യാലയം അടച്ചുകഴിഞ്ഞു. പത്ത് രാജ്യങ്ങളിലെ എംബസി അടക്കാനാണ് തീരുമാനം.
ആഗോള പരിതസ്ഥിതിയും രാജ്യത്തിന്റെ വിദേശനയവും പരിഗണിച്ചാണ് നടപടിയെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം. അതേസമയം, അന്താരാഷ്ട്ര ഉപരോധങ്ങൾ സാമ്പത്തിക നിലയെ ബാധിച്ചതുകൊണ്ട് ചെലവു ചുരുക്കലിന്റെ ഭാഗമായാണ് എംബസി വെട്ടിക്കുറക്കുന്നതെന്ന് റിപ്പോർട്ടുണ്ട്. 1990ൽ സമാന സാഹചര്യത്തിൽ എംബസികളുടെ എണ്ണം കുറച്ചിരുന്നു.
നിലവിൽ 150ലേറെ രാജ്യങ്ങളിലാണ് ഉത്തര കൊറിയക്ക് എംബസിയുള്ളത്. അന്താരാഷ്ട്ര ഉപരോധങ്ങൾ രാജ്യത്തിന്റെ വിദേശനാണ്യ വരവിനെ കാര്യമായി ബാധിച്ചിട്ടുണ്ട്.