ബംഗളൂരു: കർണാടകയിൽ ജാതി സെൻസസ് റിപ്പോർട്ട് നവംബറിലോ ഡിസംബറിലോ സർക്കാറിന് സമർപ്പിക്കാനിരിക്കെ വൻ എതിർപ്പുമായി ബി.ജെ.പി. ദേശീയ പ്രസിഡന്റ് ജെ.പി. നഡ്ഡ ഡൽഹിയിൽ വിളിച്ച യോഗത്തിൽ കർണാടകയിലെ ഒ.ബി.സി വിഭാഗത്തിൽപെട്ട മൂന്ന് നേതാക്കളും റിപ്പോർട്ടിനെ എതിർത്തു. മുൻമന്ത്രിമാരായ കെ.എസ്. ഈശ്വരപ്പ, കോട്ട ശ്രീനിവാസ് പൂജാരി, ബംഗളൂരു സെൻട്രൽ എം.പി പി.സി. മോഹൻ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.
സെൻസസ് സംബന്ധിച്ച കോൺഗ്രസ് സർക്കാർ നടപടികൾ ലോക്സഭ തെരഞ്ഞെടുപ്പ് മുൻനിർത്തി മറികടക്കാനുള്ള തന്ത്രങ്ങളും ചർച്ച ചെയ്തു. റിപ്പോർട്ട് പുറത്തുവിടുക കോൺഗ്രസ് സർക്കാറിന് എളുപ്പമല്ലെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടെന്നും ഈശ്വരപ്പ നഡ്ഡയെ അറിയിച്ചു. അമിത് ഷാ, യോഗി ആദിത്യനാഥ് അടക്കമുള്ള നേതാക്കളും യോഗത്തിൽ പങ്കെടുത്തു. ജാതി സെൻസസ് അശാസ്ത്രീയമാണെന്നും റിപ്പോർട്ട് കത്തിക്കണമെന്നും മുൻ ഉപമുഖ്യമന്ത്രി കൂടിയായ കെ.എസ്. ഈശ്വരപ്പ ബംഗളൂരുവിൽ മാധ്യമങ്ങളോട് പറഞ്ഞു. റിപ്പോർട്ട് പുറത്തുവിട്ടാൽ കോടതിയിൽ ചോദ്യംചെയ്യും. ഒറ്റ ദിവസത്തിനുള്ളിൽ റിപ്പോർട്ട് റദ്ദാക്കപ്പെടും.
കർണാടകയിലെ ജാതി സെന്‍സസ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മന്ത്രിസഭ ചര്‍ച്ച ചെയ്ത് തുടർ നടപടി സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞിരുന്നു. സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരിക്കെ 2015-2016 ലാണ് സംസ്ഥാന പിന്നാക്ക വിഭാഗം കമീഷന്റെ നേതൃത്വത്തിൽ സാമൂഹിക-സാമ്പത്തിക-വിദ്യാഭ്യാസ സർവേ എന്ന പേരിൽ ജാതി സെൻസസ് നടത്തിയത്. 2018 ലാണ് പൂർത്തിയായത്. ജാതി സെൻസസിനെതിരെ പ്രബലസമുദായങ്ങൾ നേരത്തേ തന്നെ രംഗത്തിറങ്ങിയിരുന്നു.