രാജ്കോട്ട്: പരീക്ഷാ ഹാളിലേക്ക് കയറുന്നതിനിടെ ഒമ്പതാം ക്ലാസ് വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു. ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം. ഗുജറാത്തിലെ അമ്രേലി സ്കൂളിലാണ് സംഭവം. രാജ്കോട്ടിലെ ജാസ്ദൻ സ്വദേശിയായ സാക്ഷി സാജോദര എന്ന 15കാരിയാണ് മരിച്ചത്. ശാന്തബാ ഗജേര സ്കൂളിലെ വിദ്യാർഥിയായ കുട്ടി, പരീക്ഷക്കായി ക്ലാസ് മുറിയിൽ പ്രവേശിക്കുമ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. അധ്യാപകരും സഹപാഠികളും കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഗുജറാത്തിൽ ചെറുപ്പക്കാർക്കിടയൽ ഹൃദയാഘാതം വർധിക്കുന്നതായി നേരത്തെ വാർത്തകൾ വന്നിരുന്നു.
ഗുജറാത്തിൽ നവരാത്രി ആഘോഷത്തിനിടെ ഗർബ നൃത്തം ചെയ്യുമ്പോൾ 4 മണിക്കൂറില്‍ 10 പേര്‍ ഹൃദയാഘാതം മൂലം മരിച്ചത് വലിയ വാർത്തയായിരുന്നു. കൗമാരക്കാർ മുതൽ മധ്യവയസ്കർ വരെയുള്ളവര്‍വരെ ഹൃദയാഘാതം കാരണം സംഭവിച്ചെന്ന് ഇന്ത്യാടുഡെ റിപ്പോര്‍ട്ട് ചെയ്തു. മരിച്ചവരില്‍ 13 വയസ്സുകാരനും 17 വയസ്സുകാരനുമുണ്ട്. നവരാത്രിയുടെ ആദ്യ ആറ് ദിവസങ്ങളിൽ, ഗുജറാത്തില്‍ ഹൃദയ സംബന്ധമായ അസുഖം കാരണം എമർജൻസി ആംബുലൻസ് സേവനം തേടി 521 കോളുകള്‍ വന്നു.
ശ്വാസതടസ്സത്തിന് ചികിത്സയ്ക്കായി ആംബുലന്‍സ് സഹായം തേടി 609 കോളുകള്‍ ലഭിച്ചു. ഇതോടെ ഗർബ വേദികൾക്ക് സമീപമുള്ള സർക്കാർ ആശുപത്രികൾക്കും കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾക്കും ഗുജറാത്ത് സർക്കാർ ജാഗ്രതാ നിർദേശം നൽകിയിരുന്നു.