കുന്നംകുളം: പൊലീസുദ്യോഗസ്ഥന് ചമഞ്ഞ് ബൈക്ക് കവര്‍ന്ന കേസിൽ പ്രതിയെ കുന്നംകുളം പൊലീസ് പിടികൂടി. തളിക്കുളം കച്ചേരിപ്പടി കാലാനി വീട്ടില്‍ പ്രണവ് ദീപിനെയാണ് (30) കുന്നംകുളം സ്റ്റേഷന് ഹൗസ് ഓഫിസര്‍ യു.കെ. ഷാജഹാന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.ഒക്ടോബർ 12ന് രാത്രി ഒന്നോടെ പെരുമ്പിലാവ് സ്വദേശി കൃഷ്ണകുമാറിന്റെ ഉടമസ്ഥതയിലുള്ള ബുള്ളറ്റാണ് പ്രതി കവര്‍ന്നത്. തൃശൂരില്‍നിന്ന് കുന്നംകുളത്തേക്ക് ബൈക്കിൽ വരികയായിരുന്ന കൃഷ്ണകുമാറിനെയും സുഹൃത്തിനെയും കേച്ചേരിയില്‍ തടഞ്ഞുനിര്‍ത്തി കുന്നംകുളം സ്റ്റേഷനിലെ പൊലീസുകാരനാണെന്ന് തെറ്റിദ്ധരിപ്പിച്ച് മർദിക്കുകയായിരുന്നു.
പിന്നീട് കൃഷ്ണകുമാറിനെ മാത്രം പുറകിലിരുത്തി കേച്ചേരിയില്‍നിന്ന് ചൂണ്ടലിലെത്തിയ ശേഷം കൃഷ്ണകുമാറിനെ ബൈക്കില്‍നിന്ന് തള്ളിയിട്ടശേഷം പ്രതി ബൈക്കുമായി കടന്നുകളയുകയായിരുന്നു. പാലക്കാട്ടുനിന്നാണ് പ്രതിയെ പിടികൂടിയത്. സമാന രീതിയിൽ കേരളത്തിൽ ഇയാളുടെ പേരിൽ ഇരുപതോളം കേസുണ്ട്.