നട്സും ഡ്രൈ ഫ്രൂട്ട്സുകളും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ആരോഗ്യകരമായ ഭക്ഷണങ്ങളുടെ കൂട്ടത്തില്‍ പെടുത്താവുന്നവയാണ് ഇവ. ശരീരത്തെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റ് അളവ് അടങ്ങിയിരിക്കുന്ന മികച്ച ഭക്ഷണമായി ഇവയെ കണക്കാക്കപ്പെടുന്നു. കൂടാതെ വിറ്റാമിനുകളും മിനറലുകളും ഫൈബറുമൊക്കെ അടങ്ങിയതാണ് നട്സും ഡ്രൈ ഫ്രൂട്ട്സും. അതിനാല്‍ ഇവ കഴിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കാനും സഹായിക്കും. അത്തരത്തില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ കഴിക്കേണ്ട ചില നട്സും ഡ്രൈ ഫ്രൂട്ട്സും പരിചയപ്പെടാം.
ഒന്ന്
ബദാം ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബറും മറ്റ് വിറ്റാമിനുകളും അടങ്ങിയ ബദാം ഭക്ഷണത്തിന് മുമ്പ് കഴിക്കുന്നതാണ് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കുന്നത്.
രണ്ട്
ഉണങ്ങിയ പ്ലം പഴമായ പ്രൂൺസ് ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്. പ്രൂൺസിന്‍റെ ഗ്ലൈസെമിക് ഇൻഡെക്സ് കുറവായതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമമാക്കാന്‍ ഇവ സഹായിക്കും. ഫൈബറും ഇവയില്‍ അടങ്ങിയിട്ടുണ്ട്.
മൂന്ന്
ദിവസവും ഒരു പിടി വാള്‍നട്സ് കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹം തടയാന്‍ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. നാരുകൾ ധാരാളം അടങ്ങിയതിനാൽ പ്രമേഹ രോഗികൾക്ക് ഇവ കഴിക്കുന്നത് നല്ലതാണ്.
നാല്
ഈന്തപ്പഴമാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പോഷകങ്ങളാൽ സമ്പുഷ്ടമാണ് ഈന്തപ്പഴം. ഫൈബര്‍ ധാരാളം അടങ്ങിയ ഇവ പ്രമേഹ രോഗികള്‍ക്ക് മിതമായ അളവില്‍ കഴിക്കാം.
അഞ്ച്
പ്രമേഹരോഗികള്‍ക്ക് അണ്ടിപരിപ്പും ഡയറ്റില്‍ ഉള്‍പ്പെടുത്താം. അണ്ടിപരിപ്പിൽ പ്രമേഹ പ്രതിരോധ ഗുണങ്ങളുണ്ട്. ഗ്ലൈസെമിക് സൂചിക കുറഞ്ഞ ഭക്ഷണവുമായതിനാല്‍ ഇവ പ്രമേഹ രോഗികള്‍ക്ക് ധൈര്യമായി കഴിക്കാം.
ആറ്
ഡ്രൈഡ് ആപ്രിക്കോട്ട് ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ധാരാളം നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ പ്രമേഹ രോഗികള്‍ക്ക് ഇവ ധൈര്യമായി കഴിക്കാം.