തിരുവനന്തപുരം : എം മുകുന്ദൻ, പ്രഭാവർമ്മ, സുഭാഷ് ചന്ദ്രൻ, ടി.ഡി രാമകൃഷ്ണൻ, സി വി ബാലകൃഷ്ണൻ, ഡോ വൈശാഖൻ തമ്പി, കെ പി രാമനുണ്ണി, മാലൻ നാരായണൻ എന്നീ വായനക്കാരുടെ പ്രിയ എഴുത്തുകാർ നാളെ (നവംബര്‍ 6) നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിലെത്തും. വായനക്കാരുമായി അനുഭവങ്ങൾ പങ്കിടാൻ എത്തുന്ന മലയാളത്തിന്റെ പ്രിയ എഴുത്തുകാരുടെ സാന്നിധ്യമാണ് പുസ്തകോത്സവത്തിന്റെ ആറാം നാളിന്റെ സവിശേഷതകളിലൊന്ന്. വേദി ഒന്നിൽ വൈകിട്ട് നാലിന് ‘നോവലിന്റെ വഴികൾ’ പരിപാടിയിൽ എം മുകുന്ദൻ വായനക്കാരോട് സംവദിക്കും. വേദി രണ്ടിൽ ഉച്ചയ്ക്ക് 12.15 ന് ‘കവിതയിലെ ഭാവുകത്വം’ വിഷയത്തിൽ പ്രഭാവർമ്മ സംസാരിക്കും. അതേ വേദിയിൽ മൂന്ന് മണി മുതൽ ‘കഥയുണ്ടാകുന്ന കഥ’ പരിപാടിയിൽ എഴുത്തനുഭവങ്ങൾ പങ്കിടാൻ സുഭാഷ് ചന്ദ്രൻ എത്തും. വൈകിട്ട് 6.30 ന് കെഎൽഐബിഎഫ് ഡയലോഗ്സിൽ ടി.ഡി.രാമകൃഷ്ണൻ, വി.ജെ ജെയിംസ് എന്നിവർ പുതിയ കാലത്തിലെ പുതിയ എഴുത്തിനെ കുറിച്ച് സംസാരിക്കും.