ശരീരത്തിലെ ഒന്നോ അതിലധികമോ സന്ധികളിൽ നീർക്കെട്ടോ ദുർബലതയോ ഉണ്ടാക്കുന്ന രോഗമാണ് സന്ധിവാതം. സന്ധിവാതത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ തിരിച്ചറിയുന്നത് സമയബന്ധിതമായ ഇടപെടലിന് നിർണായകമാണ്. നേരത്തെയുള്ള രോഗനിർണ്ണയവും ചികിത്സയും രോഗലക്ഷണങ്ങൾ നിയന്ത്രിക്കാനും രോഗത്തിന്റെ പുരോഗതി മന്ദഗതിയിലാക്കാനും സന്ധികളുടെ കേടുപാടുകൾ തടയാനും സഹായിക്കും. ആർക്കും ഏത് പ്രായത്തിലും സന്ധിവാതം ഉണ്ടാകാം. എന്നാൽ ചിലർക്ക് സന്ധിവാതം വരാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് അധികമാണ്.
ആർത്രൈറ്റിസ് പൊതുവേ പ്രായമായവരെ മാത്രം ബാധിയ്ക്കുന്ന രോഗമാണെന്നാണ് പലരും കരുതുന്നത്. എന്നാൽ പ്രായമായവരെ മാത്രമല്ല, ചെറുപ്പക്കാരെ വരെ ബാധിയ്ക്കുന്ന ഒരു പ്രശ്‌നമാണ് ഇത്. സന്ധിവാതത്തിന്റെ ആദ്യ ലക്ഷണങ്ങളിലൊന്നാണ് സന്ധിവേദന. ഇത് സാധാരണയായി ഒരു നേരിയ രീതിയിലോ ഇടയ്ക്കിടെ മാത്രമായോ ഉണ്ടാകുന്നു. കാൽമുട്ട് ഭാഗത്താകും അധികം പേർക്കും വേദന അനുഭവപ്പെടുക. അമിതമായ വ്യായാമം, സമ്മർദ്ദം അല്ലെങ്കിൽ കാലാവസ്ഥ മാറ്റം എല്ലാം വേദനയ്ക്ക് കാരണമാകുന്നു.
കുറച്ചുസമയം മുട്ടുകുത്തി നിന്നാലോ ഇരുന്നാലോ വീണ്ടും എഴുന്നേൽക്കാൻ പ്രയാസം അനുഭവപ്പെടുക, ടോയ്‌ലറ്റിലിരിക്കാൻ മുട്ടുമടക്കുമ്പോൾ വലിച്ചിലും വേദനയും അനുഭവപ്പെടുക എന്നിവയൊക്കെ സന്ധിവാതത്തിൻറെ ലക്ഷണങ്ങളാണ്.
സന്ധികളിൽ ഉണ്ടാകുന്ന നീരിനെ അവഗണിക്കരുത്. മൂന്ന് ദിവസത്തിൽ കൂടുതൽ ദിവസങ്ങൾ അത് നീണ്ടു നിൽക്കുകയാണെങ്കിൽ ഡോക്ടറെ കണ്ട് പരിശോധന നടത്തുക. നീര് വയ്ക്കുന്നിടത്ത് ചർമം ചുവന്നിരിക്കുകയും ഇവിടെ നല്ല ചൂട് ഉണ്ടാകുകയും ചെയ്യും. സന്ധിവാതം സന്ധികളിൽ മാത്രം ഒതുങ്ങുന്നില്ല. ഇത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കും. വിട്ടുമാറാത്ത വേദനയും വീക്കവും ക്ഷീണത്തിനും പേശികളുടെ ബലഹീനതയ്ക്കും കാരണമാകും.