കൊല്‍ക്കത്ത : ലോകകപ്പില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് സ്വപ്നതുല്യമായ തുടക്കമാണ് നല്‍കിയത്. അഞ്ചോവറില്‍ 50 കടന്ന ഇന്ത്യക്ക് റബാഡയുടെ പന്തില്‍ രോഹിത്തിനെ നഷ്ടമായെങ്കിലും പിന്നീടെത്തിയ വിരാട് കോലിക്കൊപ്പം ഗില്‍ മികച്ച കൂട്ടുകെട്ടുയര്‍ത്തിയതോടെ ദക്ഷിണാഫ്രിക്ക പതിനൊന്നാം ഓവറില്‍ തന്നെ സ്പിന്നര്‍ കേശവ് മഹാരാജിനെ പന്തെറിയാന്‍ വിളിച്ചു. പിച്ച് സ്ലോ ആണെന്ന് തിരിച്ചറിഞ്ഞായിരുന്നു ദക്ഷിണാഫ്രിക്കന്‍ നായകന്‍ ടെംബാ ബാവുമ സ്പിന്നറെ പന്തെറിയാന്‍ വിളിച്ചത്. ബാവുമയുടെ തീരുമാനം തെറ്റിയില്ല. തന്‍റെ ആദ്യ ഓവറിലെ മൂന്നാം പന്തില്‍ തന്നെ കേശവ് മഹാരാജ് ഗില്ലിനെ ബൗള്‍ഡാക്കി.
ലെഗ് സ്റ്റംപില്‍ പിച്ച് ചെയ്ത് പന്ത് ഗില്ലിന്‍റെ ബെയ്ല്‍സിളക്കി പറന്നപ്പോള്‍ അത് ബൗള്‍ഡാണെന്ന് വിശ്വസിക്കാന്‍ ഗില്ലിനോ മറുവശത്തുണ്ടായിരുന്ന കോലിക്കോ ആയില്ല. ഗില്‍ അവിശ്വസനീയതോടെ ബൗള്‍ഡാണോ എന്ന് കോലിയോട് ചോദിക്കുന്നതും കാണാമായിരുന്നു. അമ്പയര്‍ക്കും സംശയമുണ്ടായിരുന്നതിനാല്‍ ഗില്‍ ക്രീസില്‍ തന്നെ നിന്നു. ഒടുവില്‍ ഫീല്‍ഡ് അമ്പയര്‍ തീരുമാനം തേര്‍ഡ് അമ്പയര്‍ക്ക് വിട്ടു. റീപ്ലേകളില്‍ ലെഗ് സ്റ്റംപില്‍ പിച്ച് ചെയ്ത പന്ത് ബെയ്ല്‍സിളിക്കിയത് വ്യക്തമായതോടെയാണ് ഗില്‍ ക്രീസ് വിട്ടത്. ഇടം കൈയന്‍ സ്പിന്നറുടെ സ്വപ്ന ബോളെന്ന് വിശേഷിപ്പിക്കാവുന്ന പന്തിലായിരുന്നു മഹാരാജ് ഗില്ലിനെ മടക്കിയത്. ഇതോടെ ഈ ലോകകപ്പിലെ തന്നെ ഏറ്റവും മികച്ച പന്താണിതെന്ന് ആരാധകര്‍ വാഴ്ത്തുകയും ചെയ്തു.