തലശേരി: തലശേരി കോടതിയിൽ ഇന്ന് പകർച്ചവ്യാധി പ്രതിരോധ വിദഗ്ധസംഘം പരിശോധന നടത്തും. തലശേരി കോടതിയിലെ ജഡ്ജിമാര്‍ക്കും ജീവനക്കാര്‍ക്കും അഭിഭാഷകര്‍ക്കും സിക വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് പരിശോധന. എട്ട് പേർക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. കൂടുതൽപേരിൽ സമാനരോഗ രോഗലക്ഷണങ്ങൾ കാണുന്ന സാഹചര്യത്തിലാണ് പരിശോധന. കൂടുതൽ രക്ത-സ്രവ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയയ്ക്കും.
ജില്ലാ കോടതി സമുച്ചയത്തിലെ മൂന്ന് കോടതികളിലെ ജീവനക്കാര്‍ക്കും കോടതിയില്‍ ഹാജരായ അഭിഭാഷകര്‍ക്കും രണ്ട് ജഡ്ജിമാര്‍ക്കുമാണ് ശാരീരികപ്രശ്‌നങ്ങളുണ്ടായത്. നൂറോളം പേര്‍ അസുഖബാധിതരായ സാഹചര്യത്തില്‍ മൂന്ന് കോടതികള്‍ അടച്ചിട്ടിരുന്നു.ഈഡിസ് വിഭാഗത്തിലുള്ള കൊതുകകളാണ് സിക വൈറസ് പരത്തുന്നത്. വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കൊതുകുനശീകരണം അടക്കമുള്ള നടപടികള്‍ ഊര്‍ജിതമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
ഒരാഴ്ച മുന്‍പാണ് തലശ്ശേരി കോടതി ജീവനക്കാര്‍ക്കിടയില്‍ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. ശരീരത്തില്‍ തടിപ്പ്, ക്ഷീണം, പനി തുടങ്ങിയവയായിരുന്നു അനുഭവപ്പെട്ടിരുന്നത്. കോടതിയുടെ പ്രവര്‍ത്തനത്തെ ആകെ ബാധിക്കുന്ന വിധത്തിലായിരുന്നു വൈറസ് ബാധ.