ദില്ലി : സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ മിന്നും പ്രകടനങ്ങളുടെ മികവിൽ അസം ക്യാപ്റ്റൻ റിയാൻ പരാഗിനെ ഇന്ത്യൻ ടീമിൽ പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ട്. ലോകകപ്പിനു ശേഷം ഓസ്ട്രേലിയക്കെതിരെ നടക്കാനിരിക്കുന്ന ടി-20 പരമ്പരയിൽ പരാഗിനെ പരിഗണിച്ചേക്കുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര നവംബർ 23നാണ് ആരംഭിക്കുക. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ബാറ്റുകൊണ്ടും പന്തുകൊണ്ടും അസാമാന്യ ഫോമിലായിരുന്നു പരാഗ്. തുടരെ ഏഴ് മത്സരങ്ങളിൽ ഫിഫ്റ്റിയടിച്ച് റെക്കോർഡിട്ട പരാഗ് ടീമിനെ സെമിഫൈനൽ വരെ എത്തിക്കുകയും ചെയ്തു. 10 മത്സരങ്ങളിൽ നിന്ന് 510 റൺസ് നേടിയ പരാഗ് തന്നെയാണ് ടൂർണമെൻ്റിൽ ഏറ്റവുമധികം റൺസ് നേടിയത്. 85 ശരാശരിയും 182 സ്ട്രൈക്ക് റേറ്റും താരത്തിനുണ്ട്. 7.29 എക്കോണമിയിൽ 11 വിക്കറ്റും താരം നേടി.