കോഴിക്കോട്: വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽനിന്നു പെൺകുട്ടികളെ കാണാതായ സംഭവത്തില്‍ അറസ്റ്റിലായ രണ്ട് യുവാക്കളിൽ ഒരാൾ രക്ഷപ്പെട്ടു. കൊടുങ്ങല്ലൂർ സ്വദേശി ഫെബിൻ റാഫിയാണ് ചേവായൂർ പോലീസ് സ്റ്റേഷനിൽനിന്ന് രക്ഷപ്പെട്ടത്. സ്റ്റേഷന്‍റെ പുറകുവശം വഴി ഓടിരക്ഷപ്പെടുകയായിരുന്നു. പ്രതികളെ മജിസ്ട്രേറ്റിനു മുമ്പാകെ ഹാജരാക്കാനുള്ള ഒരുക്കങ്ങൾക്കിടെയാണ് ഫെബിൻ രക്ഷപ്പെട്ടത്.
ചിൽഡ്രൻസ് ഹോമിൽനിന്ന് കാണാതായ പെൺകുട്ടികൾക്കൊപ്പമാണ് ഫെബിൻ റാഫിയും കൊല്ലം സ്വദേശി ടോം തോമസും പിടിയിലായത്. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പെൺകുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. യുവാക്കൾക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട്, പോക്സോ വകുപ്പുകൾ പ്രകാരം കേസെടുത്തേക്കും.
ബംഗളൂരു, മലപ്പുറം എടക്കര എന്നിവിടങ്ങളില്‍ നിന്നുമാണ് കുട്ടികളെ കണ്ടെത്തിയത്. ഇവരെ വെള്ളിയാഴ്ച ചേവായൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ മൊഴിയെടുപ്പിലാണ് നിര്‍ണായക വെളിപ്പെടുത്തല്‍. ബുധനാഴ്ച കാണാതായ ആറു പേരിൽ രണ്ട് കുട്ടികളെ ബംഗളൂരുവില്‍ നിന്നും നാലുപേരെ മലപ്പുറം എടക്കരയിൽ നിന്നുമാണ് കണ്ടെത്തിയത്. ആറ് പെൺകുട്ടികളെയും ഇന്ന് കോടതിയിൽ ഹാജരാക്കും.