ചെങ്ങന്നൂർ : ആലപ്പുഴയിലെ ചെങ്ങന്നൂരില്‍ കാട്ടുപന്നി ശല്യം രൂക്ഷം. ഏക്കർ കണക്കിന് കാർഷിക വിളകളാണ് കൂട്ടത്തോടെ എത്തുന്ന പന്നികൾ നശിപ്പിക്കുന്നത്. പലപ്പോഴും ജനങ്ങൾക്ക് നേരെയും പന്നികളുടെ ആക്രമണം ഉണ്ടായിട്ടും ശാശ്വത പരിഹാരം കാണാന്‍ അധികൃതര്‍ തയ്യാറാകാത്തതില്‍ ജനങ്ങള്‍ കടുത്ത പ്രതിഷേധത്തിലാണ്. ചെങ്ങന്നൂരിലെ മലയോര പ്രദേശങ്ങളായ മുളക്കുഴ, കൊഴുവല്ലൂർ, ഉള്ളന്നൂർ തുടങ്ങിയ സ്ഥലങ്ങളിലാണ് കാട്ടുപന്നി ശല്യം രൂക്ഷം. രാത്രിയിൽ കൂട്ടത്തോടെ എത്തുന്ന കാട്ടുപന്നികൾ കാർഷിക വിളകൾ വ്യാപകമായി നശിപ്പിക്കുന്നു. കഴിഞ്ഞ ദിവസം രാത്രി മുളക്കുഴ സ്വദേശികളായ രവി, ഗോപാലകൃഷ്ണൻ നായർ എന്നിവരുടെ ഏക്കർ കണക്കിന് കാർഷിക വിളകള്‍ പന്നികൾ നശിപ്പിച്ചു. വാഴ, ചേമ്പ്, കാച്ചിൽ, കപ്പ തുടങ്ങിയ വിളകളാണ് ഇവിടെ കൃഷി ഇറക്കിയിരുന്നത്. ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചെന്ന് കർഷകർ പറയുന്നു.












