തിരുവനന്തപുരം : ലോകകപ്പ് ക്രിക്കറ്റ് ആവേശത്തിന്റെ ഭാഗമായി ലോഹ നട്ടുകൾ കൊണ്ട് നിർമ്മിച്ച ഏറ്റവും വലിയ ലോകകപ്പ് മാതൃക തലസ്ഥാനത്തെ ലുലു മാളില്‍ പ്രദര്‍ശിപ്പിച്ചു. 16185 നട്ടുകൾ ഉപയോഗിച്ച് ലുലു ഇവന്റ്സ് ടീമാണ് കപ്പ് നിർമ്മിച്ചത്. നട്ടുകൾ കൊണ്ടുള്ള കപ്പിന്റെ മാതൃക ഒരുക്കിയ ബംഗളുരു ലുലു മാൾ അടുത്തിടെ ലോക റെക്കോര്‍ഡില്‍ ഇടം പിടിയ്ക്കുകയും ചെയ്തിരുന്നു. 10 അടി ഉയരവും 370 കിലോയോളം ഭാരവുമുള്ള കപ്പ് തിരുവനന്തപുരം ലുലുമാളിലെ ഗ്രാന്‍ഡ് ഏട്രിയത്തിലാണ് പ്രദര്‍ശിപ്പിച്ചിരിയ്ക്കുന്നത്. ക്രിക്കറ്റ് ലോകകപ്പ് 2023ന്റെ അതേ മാതൃകയിലാണ് നട്ടുകൾ കൊണ്ടുള്ള ഈ കപ്പും. മാളിലെത്തുന്നവർക്ക് മനോഹരമായ ദൃശ്യവിസ്മയം കൂടിയാണ് ഈ ലോകകപ്പ് മോഡൽ. ലുലു ഇവന്റസ് ടീമിലെ നാല് പേര്‍ ചേര്‍ന്ന് 12 ദിവസം നീണ്ട പ്രയത്നം കൊണ്ടാണ് ലോകകപ്പ് നിർമ്മിച്ചത്. 16185 നട്ടുകൾ ഓരോന്നായി ചേർത്ത് വെൽഡ് ചെയ്യുകയായിരുന്നു.