ദില്ലി: വായു മലിനീകരണത്തിൽ ദില്ലി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. വിഷയത്തിൽ രാഷ്ട്രീയക്കളി അവസാനിപ്പിച്ച് പരിഹാരം കാണണമെന്ന് കോടതി ഉത്തരവിട്ടു. കൊലപാതകത്തിന് തുല്യമായ കാര്യമാണ് ഇപ്പോൾ നടക്കുന്നത്. കാർഷികാവശിഷ്ടങ്ങൾക്ക് തീയിടുന്നത് അടിയന്തരമായി തടയണമെന്നും കോടതി പറഞ്ഞു.എല്ലാ വർഷവും ഇങ്ങനെ സഹിച്ചിരിക്കാൻ പറ്റില്ല. മലിനീകരണം പേടി സ്വപ്നമായി മാറുന്നുവെന്നും സുപ്രീംകോടതി പറഞ്ഞു. ദില്ലിയിലെ ജനങ്ങൾ കടുത്ത ആരോഗ്യ പ്രശ്നങ്ങൾ നേരിടുകയാണ്. നടപടി പേപ്പറിൽ മാത്രം ഒതുങ്ങിയാൽ പോരെന്നും കോടതി പറയുന്നു. ദില്ലിയും, പഞ്ചാബും ഭരിക്കുന്നത് ഒരേ പാർട്ടിയല്ലേയെന്ന് കോടതി ചോദിച്ചു. കാർഷികാവശിഷ്ടങ്ങൾ കത്തിക്കുന്നത് പോലെ ഗുരുതരമാണ് വാഹനങ്ങൾ ഉണ്ടാക്കുന്ന മലിനീകരണവുമെന്ന് കോടതി പറഞ്ഞു.
പഞ്ചാബിൽ കാർഷികാ വിശിഷ്ടങ്ങൾ കത്തിക്കുന്നത് തടയാൻ പൊലീസിനെ ഇറക്കണം. ഇനി കത്തിച്ചാൽ ഉത്തരവാദിത്തം പൊലീസിനായിരിക്കുമെന്നും കോടതി വ്യക്തമാക്കി. സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്ക് അടിയന്തര നിർദേശം നൽകണമെന്നും മലിനീകരണത്തിൽ ഒരിഞ്ച് പോലും വിട്ടുവീഴ്ചക്ക് ഇനി പറ്റില്ലെന്നും കോടതി വ്യക്തമാക്കി.
മലിനീകരണം തടയാനുള്ള നിർദ്ദേശങ്ങൾ ലംഘിച്ചതിന് 27,743 പിഴ ചെലാനുകൾ നൽകിയിട്ടുണ്ടെന്ന് ദില്ലി സർക്കാർ കോടതിയെ അറിയിച്ചു. കഴിഞ്ഞ മാസം വരെ 15 വർഷത്തിലധികം പഴക്കമുള്ള 14,885 വാഹനങ്ങൾ കണ്ടു കെട്ടിയിട്ടുണ്ട്. അതേസമയം, ദില്ലിയിൽ വായുഗുണ നിലവാരത്തിൽ നേരിയ പുരോഗതിയുണ്ടായി. സൂചികയിൽ ഇന്ന് രേഖപ്പെടുത്തിയ ശരാശരി ഗുണനിലവാര തോത് 394 ആണ്. ഇന്നലെ രേഖപ്പെടുത്തിയത് 480 ആയിരുന്നു. മലിനീകരണത്തിന്റെ പശ്ചാത്തലത്തിൽ ദില്ലിയിൽ കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരുന്നു.