കല്‍പ്പറ്റ: വയനാട് വൈത്തിരിയിൽ തമിഴ്‌നാട് സ്വദേശിയായ യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞതോടെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. അരിയല്ലൂര്‍ സ്വദേശിയായ അരുളി(40) ന്റെ മരണത്തില്‍ തമിഴ്‌നാട് അരിയൂര്‍മുത്ത് സെര്‍വാ മഠം സ്വദേശിയായ രമേശിനെ (43) യാണ് വൈത്തിരി പൊലീസ് അറസ്റ്റ് ചെയ്തത്. അസ്വഭാവിക മരണമെന്ന് കാണിച്ച് നേരത്തെ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണത്തിനൊടുവിലാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞിരിക്കുന്നത്. ഒക്ടോബർ 30ന് രാത്രിയാണ് കൊലപാതകം നടന്നത്.
ജലനിധി പദ്ധതിയുമായി ബന്ധപ്പെട്ട് റോഡില്‍ കുഴി വെട്ടുന്നതടക്കമുള്ള ജോലികള്‍ക്കായി തമിഴ്‌നാട്ടില്‍ നിന്നും എത്തിയ സംഘത്തിലുള്‍പ്പെട്ട തൊഴിലാളിയാണ് മരണപ്പെട്ട അരുള്‍. ഇക്കഴിഞ്ഞ ഒക്ടോബര്‍ 30 ന് വൈകുന്നേരം വൈത്തിരി പൊഴുതന ആറാം മൈലില്‍ തൊഴിലാളികള്‍ താമസിച്ചു വന്നിരുന്ന വാടക വീട്ടില്‍ ഭക്ഷണം പാകം ചെയ്ത് ഒരുമിച്ചിരുന്നു കഴിക്കുന്നതിനിടെയായിരുന്നു കൊലപാതകത്തിലേക്ക് നയിച്ച സംഭവം അരങ്ങേറിയത്.
കൊല്ലപ്പെട്ട അരുള്‍ മദ്യലഹരിയിൽ ആയിരുന്നുവെന്നും ഇയാള്‍ മറ്റുള്ളവരുടെ പാത്രങ്ങളിലേക്ക് പഴകിയ ഭക്ഷണാവശിഷ്ടം എറിഞ്ഞതാണ് അടിപിടിക്ക് കാരണമായതെന്നുമാണ് കൂടെയുണ്ടായിരുന്നവര്‍ പൊലീസിനോട് പറഞ്ഞത്. കൂട്ടത്തിലുണ്ടായിരുന്ന മേസ്തിരിയായ രമേശ് അരുളിന്‍റെ പ്രവർത്തിയെ ചോദ്യം ചെയ്യുകയും തുടര്‍ന്ന് സംഘട്ടനത്തിലേക്ക് എത്തുകയുമായിരുന്നു. മർദ്ദനമേറ്റ് ഗുരുതരമായി പരിക്കേറ്റ അരുളിനെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പരിശോധനയില്‍ മരണം സ്ഥിരീകരിക്കുകയും ചെയ്യുകയായിരുന്നു.
ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ വ്യക്തമായിട്ടുണ്ട്. അരുളിന്‍റെ കൂടെ താമസിച്ചിരുന്നവരുടെ മൊഴികളിലെ വൈരുധ്യമാണ് പൊലീസിന് പ്രതിയെ പിടികൂടാൻ സഹായമായത്. സബ് ഇന്‍സ്പെക്ടര്‍ സന്തോഷ് മോന്റെ നേതൃത്വത്തില്‍ എ.എസ്.ഐ മണി, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ദേവജിത്ത്, അനസ് സിവില്‍ പൊലീസ് ഓഫീസര്‍മാരായ ആഷ്ലിന്‍, പ്രമോദ് അബ്ദുല്‍നാസര്‍ തുടങ്ങിയവരാണ് സംഭവത്തില്‍ അന്വേഷണം നടത്തിയത്.