തിരുവനന്തപുരം : വൈദ്യുതി വകുപ്പിന് കീഴിൽ കോടിക്കണക്കിന് രൂപയുടെ അഴിമതി നടക്കുന്നുവെന്ന് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ ഫിറോസ്. ഇലക്ട്രിക് വാഹനങ്ങളുടെ മറവിൽ അഴിമതി നടക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ഇലക്ട്രിക് വാഹനങ്ങൾ ചാർജ് മോഡ് ആപ്പ് വഴി ചാർജ് ചെയ്യാൻ പണം ലോഡ് ചെയ്യണം, ഇതിന് ചില സ്കീം ഉണ്ടെന്നും അതിന് വാലിഡിറ്റി ഉണ്ടെന്നും പറഞ്ഞ പി.കെ ഫിറോസ് നിശ്ചിത സമയത്തിനുള്ളിൽ ചാർജ് ചെയ്തില്ലെങ്കിൽ പണം നഷ്ടമാകുമെന്നും വ്യക്തമാക്കി. കെ.എസ്ഇബിയിലേക്ക് പോകുന്നതിന് പകരം പണം സ്വകാര്യ കമ്പനിയിലേക്കാണ് പോകുന്നത്. ചാർജിങ്ങിനായി 2022 ൽ കെ ഇ മാപ്പ് ആപ്പ് സർക്കാർ പുറത്തിറക്കി. എന്നിട്ടും സ്വകാര്യ കമ്പനിയിലേക്ക് പണം പോകുന്നു. സ്വകാര്യ കമ്പനിയെ സഹായിക്കാൻ ആണ് ഈ ആപ്പ് സർക്കാർ പ്രവർത്തനരഹിതമാക്കിയതെന്നും പി.കെ ഫിറോസ് പറഞ്ഞു.