മുട്ട കഴിക്കുന്നത് നിരവധി ആരോഗ്യഗുണങ്ങൾ നൽകുന്നു. പ്രോട്ടീൻ, ധാതുക്കൾ, ആന്റി ഓക്‌സിഡന്റുകൾ തുടങ്ങിയ പോഷകങ്ങൾ അടങ്ങിയ ഭക്ഷണമാണ് മുട്ട. ഒരു മുട്ടയിൽ 6 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. പ്രോട്ടീൻ ശരീരഭാരം നിയന്ത്രിക്കാനും പേശികൾ ബലപ്പെടാനും സഹായിക്കുന്നുണ്ട്. ബീറ്റൈൻ, കോളിൻ എന്നിവയുൾപ്പെടെ ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കുന്ന നിരവധി പോഷകങ്ങളാൽ സമ്പുഷ്ടമാണ് മുട്ട. ആരോഗ്യകരമായ ജീവിതശൈലിയുടെ ഭാഗമായി മുട്ടകൾ കഴിക്കുന്നത് പ്രയോജനകരമാണെന്ന് വിദഗ്ധർ പറയുന്നു. മുട്ടയിൽ സെലിനിയം, ഫോസ്ഫറസ്, അയൺ എന്നിങ്ങനെ ശരീരത്തിന് ആവശ്യമുള്ള നിരവധി ധാതുക്കൾ അടങ്ങിയിരിക്കുന്നു.
മുട്ടയുടെ മഞ്ഞക്കുരുവിൽ ലൂട്ടിൻ, സിയാക്‌സാന്തിൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് റെറ്റിനയ്ക്ക് ദോഷകരമാകുന്ന സൂര്യപ്രകാശത്തിൽ നിന്നും കണ്ണുകളെ സംരക്ഷിക്കാൻ സഹായിക്കുന്നു. മുട്ടയുടെ മഞ്ഞക്കുരുവിൽ സെലിനിയം അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. മുട്ടയിൽ വിറ്റാമിൻ ഡി ധാരാളമുണ്ട്. ഇത് എല്ലുകൾക്ക് ആവശ്യമാണ്. വിറ്റാമിൻ ഡി കൂടാതെ, അവയിൽ ഫോസ്ഫറസും ധാരാളം അടങ്ങിയിട്ടുണ്ട്. ആരോഗ്യമുള്ള എല്ലുകൾക്കും പല്ലുകൾക്കും പ്രധാനപ്പെട്ടവയാണ് ഈ പോഷകങ്ങൾ.
ആരോഗ്യകരമായ നാഡീവ്യവസ്ഥയെയും തലച്ചോറിനെയും പിന്തുണയ്ക്കാൻ ആവശ്യമായ ബി-വിറ്റാമിനുകളുടെയും മോണോ-പോളിസാച്ചുറേറ്റഡ് കൊഴുപ്പുകളുടെയും മികച്ച ഉറവിടമാണ് മുട്ട. കോളിൻ മെമ്മറി മെച്ചപ്പെടുത്താൻ സഹായിക്കുന്നു. മുട്ടയിലെ പ്രോട്ടീൻ മാനസികാരോഗ്യത്തിന് സഹായകമാണ്.
പ്രായവുമായി ബന്ധപ്പെട്ട മാക്യുലാർ ഡീജനറേഷനിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളായ ല്യൂട്ടിൻ, സിയാക്സാന്തൈൻ, ഹൃദ്രോഗം തടയാൻ സഹായിക്കുന്ന ട്രിപ്റ്റോഫാൻ, ട്രയോസിൻ, ആന്റിഓക്‌സിഡന്റ് അമിനോ ആസിഡുകൾ എന്നിവയും മുട്ടയിലുണ്ട്. മുട്ടയിലെ വൈറ്റമിൻ ഡിയുടെ സാന്നിധ്യം എല്ലുകളെ ബലപ്പെടുത്താൻ സഹായിക്കുന്നു. വിറ്റാമിൻ ഡി കാൽസ്യം ആഗിരണം ചെയ്യുന്നതിനും അസ്ഥികളുടെ ആരോഗ്യം നിലനിർത്തുന്നതിനും അത്യന്താപേക്ഷിതമാണ്. അതിനാൽ ഓസ്റ്റിയോപൊറോസിസ് തടയുന്നതിൽ മുട്ട ഒരു പ്രധാന പങ്ക് വഹിക്കുന്നു.