ദില്ലി : ജനസംഖ്യ നിയന്ത്രണത്തില്‍ നിയമ സഭയില്‍ നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. പ്രതിപക്ഷ സഖ്യത്തില്‍ നിന്നടക്കം രൂക്ഷ വിമര്‍ശനമുയര്‍ന്നതിനെ തുടര്‍ന്നാണ് പ്രസ്താവന പിന്‍വലിച്ച് നിതീഷ് കുമാര്‍ തലയൂരിയത്. നിതീഷ് കുമാര്‍ പരസ്യമായി മാപ്പ് പറയണമെന്ന് ദേശീയ വനിതാ കമ്മീഷനും ആവശ്യപ്പെട്ടിരുന്നു. ആംഗ്യ വിക്ഷേപങ്ങളോടെ നിയമസഭയില്‍ ജനസംഖ്യ നിയന്ത്രണ ചര്‍ച്ചക്കിടെ നടത്തിയ പ്രസ്താവനയിലാണ് നിതീഷ് കുമാര്‍ പുലിവാല് പിടിച്ചത്.
വിദ്യാഭ്യാസമുള്ളവരും അല്ലാത്തവരുമായ സ്ത്രീകളെ താരതമ്യം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി പദവി മറന്നത്. വിദ്യാഭ്യാസമുള്ള പെണ്‍കുട്ടികള്‍ക്ക് സന്താന നിയന്ത്രണത്തിനുള്ള ലൈംഗിക ബന്ധ രീതികള്‍ അറിയാം. അതുകൊണ്ട് അവരുടെ കാര്യത്തില്‍ ആശങ്കയില്ല. ബിഹാറിലെ ജനനനിരക്ക് കുറഞ്ഞതിന്റെ കാരണവും മറ്റൊന്നല്ലെന്ന് മുഖ്യമന്ത്രി പ്രസംഗത്തില്‍ പറഞ്ഞു. ഭരണപക്ഷ എംഎല്‍എമാര്‍ മുഖ്യമന്ത്രിയെ പ്രോത്സാഹിപ്പിക്കുന്നതും പുറത്ത് ദൃശ്യങ്ങളില്‍ കാണാം. പിന്നാലെ വ്യാപക വിമര്‍ശനം മുഖ്യമന്ത്രിക്കെതിരെ ഉയര്‍ന്നു.