ദുബായ് : ഐസിസി ഏകദിന റാങ്കിംഗില്‍ ഇന്ത്യയുടെ സമ്പൂര്‍ണാധിപത്യം. ഇന്ന് പുറത്തുവിട്ട റാങ്കിംഗ് പ്രകാരം ബാറ്റര്‍മാരില്‍ യുവതാരം ശുഭ്മാന്‍ ഗില്ലാണ് ഒന്നാമന്. പാകിസ്ഥാന് ക്യാപ്റ്റന്‍ ബാബര്‍ അസമിനെ പിന്തള്ളിയാണ് ഗില്‍ ഒന്നാമതെത്തിയത്. ആദ്യമായിട്ടാണ് ഗില്‍ ഐസിസി റാങ്കില്‍ ഒന്നാമതെത്തുന്നത്. ഒന്നാം സ്ഥാനം അലങ്കരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം കൂടിയാണ് ഗില്‍. 24കാരനായ ഗില്‍ സച്ചിന് ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡ് മറികടന്നു. 25-ാം വയസില്‍ സച്ചിന് ഏകദിന റാങ്കിംഗില്‍ ഒന്നാമതെത്തിയിരുന്നു.
വിരാട് കോലിയും ബാറ്റര്‍മാരുടെ റാങ്കിംഗില്‍ നേട്ടമുണ്ടാക്കിയിരുന്നു. മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ കോലി നാലാം റാങ്കിലെത്തി. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ആറാം സ്ഥാനത്തുമുണ്ട്. 17 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ശ്രേയസ് അയ്യര്‍ പതിനെട്ടാം റാങ്കിലെത്തി. ബൗളര്‍മാരുടെ പട്ടികയില്‍ ആദ്യ പത്തില്‍ നാല് ഇന്ത്യന്‍ താരങ്ങളാണ് ഇടം നേടിയത്. മുഹമ്മദ് സിറാജ് ഒന്നാംസ്ഥാനം തിരിച്ചുപിടിച്ചു. രണ്ട് സ്ഥാനം മെച്ചപ്പെടുത്തിയാണ് സിറാജ് ഒന്നാമതെത്തിയത്.