അമ്പലപ്പുഴ : ഹൗസ് ബോട്ട് ദുരന്തങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സുരക്ഷക്കായി എയര്‍ ബാഗ് സംരക്ഷണവുമായി പത്താം ക്ലാസ് വിദ്യാര്‍ഥിനികള്‍. ആലപ്പുഴ കാര്‍മ്മല്‍ അക്കാദമി എച്ച്എസിലെ മാളവിക ബ്രിജിത്, ഐശ്വര്യ ബിജു എന്നീ വിദ്യാര്‍ഥികളാണ് ഹൗസ് ബോട്ട് സുരക്ഷക്കായി നൂതന മാര്‍ഗങ്ങള്‍ ആലപ്പുഴ റവന്യൂ ശാസ്ത്രമേളയില്‍ അവതരിപ്പിച്ചത്. വാട്ടര്‍, എയര്‍, ഫയര്‍ (ഡബ്ല്യുഎഎഫ്) സെക്യൂരിറ്റി സിസ്റ്റമാണ് ഇവര്‍ അവതരിപ്പിച്ചത്. ‘ബോട്ടില്‍ വെള്ളം കയറിയാല്‍ ഉള്ളില്‍ ഘടിപ്പിച്ചിരിക്കുന്ന സെന്‍സര്‍ അതു മനസിലാക്കി ആദ്യം അലാറം മുഴങ്ങും.
പിന്നീട് ബോട്ടിന്റെ ഇരുഭാഗത്തും ഉറപ്പിച്ചിരിക്കുന്ന നീണ്ട എയര്‍ ബാഗുകളില്‍ കമ്പ്രസറില്‍ നിന്ന് വായു നിറയും. ബോട്ട് മുഴുവന്‍ വെള്ളം കയറിയാലും ഇതുമൂലം വെള്ളത്തില്‍ താഴില്ല. തീ പടര്‍ന്നാല്‍ ഊഷ്മാവ് തിരിച്ചറിഞ്ഞ് അലാറം അടിക്കുകയും ബോട്ടിനു മുകളില്‍ നിറച്ചു വെച്ചിരിക്കുന്ന പൈപ്പില്‍ക്കൂടി വെള്ളം മഴ പോലെ വീണ് തീയണയും.’ മാധ്യമങ്ങളില്‍ ബോട്ടപകടങ്ങള്‍ സാധാരണമായതോടെയാണ് ഇത്തരത്തിലുള്ള സുരക്ഷയെ കുറിച്ചുള്ള ചിന്തകള്‍ തുടങ്ങിയതെന്നാണ് വിദ്യാര്‍ത്ഥിനികള്‍ പറയുന്നത്. അധ്യാപികമാരായ നാന്‍സി, മിന്റു എന്നിവരും ഇവരുടെ സഹായത്തിനായി ഒത്തുചേര്‍ന്നപ്പോഴാണ് നവീന സുരക്ഷക്കായുള്ള കണ്ടുപിടിത്തം നടത്താനായതെന്നും വിദ്യാര്‍ഥിനികള്‍ പറഞ്ഞു.