ദില്ലി : പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയുടെ 15-ാം ഗഡു ഈ മാസം അവസാനത്തോടെ കർഷകരുടെ അക്കൗണ്ടിലേക്കെത്തും. പിഎം കിസാൻ യോഗ്യരായ കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നവംബർ അവസാനത്തോടെ 2,000 രൂപ വിതരണം ചെയ്യുമെന്നാണ് റിപ്പോർട്ട്. 2019 ൽ ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തുടനീളമുള്ള എല്ലാ ഭൂവുടമ കർഷക കുടുംബങ്ങൾക്കും വരുമാന പിന്തുണ നൽകാൻ ലക്ഷ്യമിടുന്ന പിഎം കിസാൻ പദ്ധതി ആരംഭിച്ചത്. പ്രതിവർഷം 6000 രൂപയാണ് കർഷകർക്ക് ലഭിക്കുക. മൂന്ന് മാസ ഗഡുക്കളായി 2000 രൂപ വീതം ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നൽകും.