സേലം: വിദ്യാര്‍ത്ഥിനിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകനെ അതേ കത്തി പിടിച്ചുവാങ്ങി കുത്തി പരിക്കേല്‍പ്പിച്ചു. തമിഴ്നാട്ടിലെ സേലത്താണ് സംഭവം. നീറ്റ് പരിശീലന കേന്ദ്രത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിയെയാണ് താമസിക്കുന്ന ലോഡ്ജില്‍ എത്തിച്ച് അധ്യാപകന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഒടുവില്‍ അധ്യാപകനെ അതേ കത്തി പിടിച്ചുവാങ്ങി വിദ്യാര്‍ത്ഥിനി കുത്തുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു സംഭവം. ധര്‍മപുരി അഴഗിരി നഗര്‍ സ്വദേശിയായ അധ്യാപകന്‍ ശക്തിദാസനെ (30) പരിക്കുകളോടെ സേലം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇയാള്‍ സേലത്തെ ഒരു സ്വകാര്യ നീറ്റ് പരീക്ഷാ പരിശീലന കേന്ദ്രത്തിലെ അധ്യാപകനാണ്. ഇവിടെ ഹോസ്റ്റലില്‍ നിന്ന് പഠിച്ചിരുന്ന പുതുക്കോട്ട സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയെ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പുസ്തകവും മറ്റും വാങ്ങാന്‍ വൈകുന്നേരം വിദ്യാര്‍ത്ഥിനി അധ്യാപകന്‍ താമസിച്ചിരുന്ന സ്ഥലത്ത് എത്തിയപ്പോഴാണ് കത്തി കാണിച്ച് ഭീഷിപ്പെടുത്തി പീഡിപ്പിക്കാന്‍ ശക്തിദാസന്‍ ശ്രമിച്ചത്.
എന്നാല്‍ പിടിവലിക്കിടെ അധ്യാപകന്റെ കൈയില്‍ നിന്ന് കത്തി പിടിച്ചുവാങ്ങിയ വിദ്യാര്‍ത്ഥിനി ശക്തിദാസന്റെ വയറ്റില്‍ കുത്തുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ടു. പിടിവലിക്കിടെ വിദ്യാര്‍ത്ഥിനിയുടെ കൈയ്ക്കും ചെറിയ പരിക്കേറ്റിട്ടുണ്ട്. ശബ്ദം കേട്ട് ഓടിയെത്തിയ ലോഡ്ജ് ജീവനക്കാരനാണ് വിവരം പൊലീസില്‍ അറിയിച്ചത്. സേലം അഴകാപുരം പൊലീസ് ശക്തിദാസനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.
മറ്റൊരു സംഭവത്തില്‍ വിമാനയാത്രക്കിടെ 52കാരൻ യുവതിയെ ലൈംഗികമായി അതിക്രമിച്ചെന്ന് പരാതി. യുഎസിലെ ഫ്രാങ്ക്ഫർട്ടിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള ലുഫ്താൻസ വിമാനത്തിലാണ് സംഭവം. 52 കാരനെ അറസ്റ്റ് ചെയ്തതായി ബെംഗളൂരു പൊലീസ് അറിയിച്ചു. നവംബർ ആറിനാണ് സംഭവം. ആന്ധ്രാപ്രദേശിലെ തിരുപ്പതി സ്വദേശിനിയായ 32 കാരിയാണ് പരാതിക്കാരി. യുവതി ഉറങ്ങിക്കിടക്കുന്നതിനിടെയാണ് സംഭവം നടന്നതെന്ന് അധികൃതർ അറിയിച്ചു.
യുവതി ഉറങ്ങിക്കിടക്കുമ്പോൾ അടുത്ത സീറ്റിലിരുന്ന 52കാരൻ യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുകയും അനുചിതമായി പെരുമാറുകയും ചെയ്തെന്ന് പരാതിയിൽ പറയുന്നു. അതിക്രമം തുടർന്നപ്പോൾ യുവതി ഫ്ലൈറ്റ് അറ്റൻഡന്റിനെ വിളിച്ച് പരാതിപ്പെട്ടു. ഇയാളുടെ നിരന്തരമായ ശല്യം കാരണം സീറ്റ് മാറ്റിത്തരാൻ ആവശ്യപ്പെടുകയും ചെയ്തു. വിമാനം ബെംഗളൂരുവിൽ എത്തിയയുടൻ യുവതി കെമ്പഗൗഡ ഇന്റർനാഷണൽ എയർപോർട്ട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.